ബെംഗളൂരു: ഏകദിന ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ മിന്നും ഫോമിലുളള താരമാണ് ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര. ആദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ കൂസലില്ലാതെ രചിൻ ബാറ്റ് വീശി തുടങ്ങിയപ്പോൾ കിവീസ് ബാറ്റിംഗ് നിര സുശക്തമായി. എന്നാൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ മറ്റൊരു റെക്കോർഡും താരത്തിന്റെ പേരിലായി.
മത്സരത്തിൽ 34 പന്തിൽ നിന്ന് 42 റൺസെടുത്തതോടെ അരങ്ങേറ്റ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡാണ് രചിൻ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയുടെ റെക്കോർഡാണ് ഇന്നത്തെ പ്രകടനത്തിലൂടെ രചിൻ തകർത്തത്.
2019 ലോകകപ്പിൽ 532 റൺസാണ് ബെയര്‍സ്റ്റോ നേടിയത്. ഈ ലോകകപ്പിൽ 565 റൺസാണ് ഇതുവരെയുളള രചിന്റെ സമ്പാദ്യം. വെറും ഒൻപത് ഇന്നിംഗ്സുകളിൽ നിന്നാണ് താരം ഇത്രയും റൺസ് അടിച്ചെടുത്തത്. ബാബർ അസം (474), രാഹുൽ ദ്രാവിഡ് (461), ഡേവിഡ് ബൂൺ (447) എന്നിവരാണ് മൂന്ന് മുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങളിൽ. കഴിഞ്ഞ ദിവസം 25 വയസ്സ് തികയും മുൻപ് ലോകകപ്പിൽ ഏറ്റവുമധികം റൺസെടുത്ത താരം എന്ന റെക്കോർഡും രചിൻ സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോഡാണ് രചിൻ മറികടന്നത്.