കൊച്ചി: സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ കോടികൾ മുടക്കി സർക്കാർ കേരളീയം സംഘടിപ്പിച്ചതിനെ വിമർശിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ സത്യദീപം. 27 കോടി മുടക്കി കേരളപ്പിറവിയോടനുബന്ധിച്ച് ഒരാഴ്ചത്തെ കലാസാംസ്‌കാരിക മാമാങ്കം സർക്കാർ സംഘടിപ്പിച്ചത് സാധാരണക്കാരായ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണെന്ന് മുഖപ്രസംഗത്തിൽ സഭ വിമർശിച്ചു. പെൻഷൻ പോലും നൽകാതെ വിവിധ മേഖലകളിലായി 40,000 കോടിയുടെ കടമാണ് സർക്കാരിനുള്ളത്. ആറ് ഡിഎയും ശമ്പളക്കുടിശ്ശികയും മാസങ്ങളായി മുടങ്ങി കിടക്കുന്ന സാമൂഹ്യ ക്ഷേമ പെൻഷനും നൽകാനുണ്ട്. സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള സർക്കാർ വിഹിതം ലഭിക്കാതെ അദ്ധ്യാപകർ അലയുന്ന സ്ഥിതിയാണ് നിലവിൽ സംസ്ഥാനത്തുളളതെന്നും സഭ വിമർശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സാമ്പത്തിക പരാധീനതയിലാണ്. അതിനാൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. 700 കോടിയോളം കുടിശിക വരുത്തിയതിനാൽ സപ്ലൈക്കോ വിതരണക്കാർ സമരത്തിലാണ്. സപ്ലൈക്കോ തന്നെ 6500 കോടിയുടെ കടബാധ്യതയിലാണ്. 2593 കോടിയോളം സപ്ലൈക്കോയ്‌ക്ക് സർക്കാർ നൽകാനുണ്ട്. ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഇതിനിടയിലാണ് വെള്ളക്കരവും വൈദ്യുതി നിരക്കിൽ വീടുകൾക്ക് യൂണിറ്റിന് 30 പൈസയും വ്യവസായങ്ങൾക്ക് 15 പൈസയും വർദ്ധന നടപ്പാക്കിയത്.
കേരളത്തിന്റെ ഖ്യാതി ലോകസമക്ഷം എത്തിക്കാനാണ് കേരളീയം എന്നാണ് പരസ്യം. എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പ് സർക്കാർ സൃഷ്ടിച്ച സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഖ്യാതിയോ? അർഹതപ്പെട്ട ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റിന്റെ മുമ്പിൽ മുട്ടിലിഴഞ്ഞ കായിക കേരളത്തിന്റെ ഖ്യാതിയോ? കുട്ടി സഖാക്കൾക്ക് ബിരുദത്തിന് ചേരാതെയും ബിരുദാനന്തര ബിരുദത്തിന് ശുപാർശ നൽകുന്ന ഉന്നത വിദ്യാഭ്യാസ കേരളത്തിന്റെ ഖ്യാതിയോ? തുടങ്ങിയ ചോദ്യങ്ങളും കത്തോലിക്കാ സഭ മുഖപ്രസംഗത്തിൽ ഉന്നയിക്കുന്നു.
കേരളത്തിൽ വനവാസി-ദളിത് വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 38 ശതമാനം ആളുകളും ദാരിദ്ര്യ രേഖയ്‌ക്ക് കീഴിലാണ്. സവർണവിഭാഗത്തിൽ 14 ശതമാനവും. ‘എന്നും ഒന്നാമത്’ എന്ന പരസ്യപത്രികയിൽ സഹകരണ മേഖലയിലെ പ്രതിസന്ധിയെയും തട്ടിപ്പിനെയും കുറിച്ച് പറയാതിരുന്നത് മനഃപൂർവമാകും. സംഘടിത സാമ്പത്തിക കുറ്റകൃത്യം വഴി കരുവന്നൂരിലെ വീര സഖാക്കൾ സഹകരണമേഖലയ്‌ക്ക് നൽകിയ ‘സംഭാവനകൾ’ നേട്ടത്തിന്റെ പട്ടികയിൽപ്പെടുത്താനാവില്ലല്ലോ. ഒന്നാണെന്ന് എത്രയാവർത്തിയാഘോഷിച്ചാലും ഒന്നുമില്ലാത്തവന്റെയും ഒന്നുമല്ലാത്തവന്റെയും ചൂണ്ടുവിരൽ സർക്കാരിനെതിരെ തന്നെ ഉയരുമെന്നും മുഖ പ്രസംഗത്തിൽ പറയുന്നു.