ലോകകപ്പിലെ പാകിസ്താന്റെ യാത്ര ഏറെക്കുറെ അവസാനിച്ച നിലയിലാണ്. ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ വലിയൊരു അത്ഭുതം തന്നെ സംഭവിക്കണം. ശ്രീലങ്കയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് നേടിയ കൂറ്റന്‍ വിജയമാണ് പാകിസ്താന് തിരിച്ചടിയായത്. ഇനി സെമിയില്‍ കയറണമെങ്കില്‍ ഇംഗ്ലണ്ടിനെ 287 റണ്‍സിന് തോല്‍പ്പിക്കുകയോ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന സ്‌കോര്‍ 16 പന്തില്‍ മറികടക്കണം. അങ്ങനയെങ്കില്‍ പാകിസ്താന് സെമി കളിക്കാം.
അതേസമയം പാകിസ്താന് ബോര്‍ഡില്‍ വിവാദങ്ങള്‍ തുടരുമ്പോഴും തങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ലെന്ന തരത്തിലാണ് പാകിസ്താന്‍ താരങ്ങള്‍ മുന്നോട്ട് പോകുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തിന് കൊല്‍ക്കത്തയില്‍ തങ്ങുന്ന പാകിസ്താന്‍ ടീം അംഗങ്ങള്‍ ഇതിനിടെ ഷോപ്പിംഗിനിറങ്ങി. സൗത്ത് സിറ്റി മാളിലാണ് ബാബറിന്റെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങിയത്. ഫാഷന്‍ ഔട്ട്‌ലെറ്റുകളാണ് ഇവര്‍ സന്ദര്‍ശിച്ചത്.
ടെലഗ്രാമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബാബര്‍ അസം സാരിയും സണ്‍ഗ്ലാസുകളും വാങ്ങിയെന്നാണ് വിവരം. ഇമാം ഉള്‍ ഹഖും ക്യാപ്റ്റനൊപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് പ്രത്യേക സുരക്ഷയും ഒരുക്കിയിരുന്നു. ഇവര്‍ക്ക് അടുത്ത് വരാനും ആരെയും അനുവദിച്ചതുമില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ഷോപ്പിംഗ് വലിയ രീതില്‍ പരിഹസിക്കപ്പെട്ടു.















