ഇനി ആരോഗ്യഭീഷണിയാകില്ല, ചിക്കുൻഗുനിയയ്‌ക്ക് ലോകത്തെ ആദ്യ വാക്‌സിൻ; ‘ഇക്‌സ്ചിക്’ന് അംഗീകാരം നൽകി യുഎസ്

Published by
Janam Web Desk

 

ചിക്കുൻഗുനിയ്‌ക്കുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി യുഎസ് ആരോഗ്യ മന്ത്രാലയം. റോപ്പിലെ വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത ‘ഇക്‌സ്ചിക്’ (Ixchiq) വാക്‌സിനാണ് അംഗീകരിച്ചത്. ഈ വാക്‌സിൻ ഉടൻ വിപണിയിലെത്തും. രോഗ വ്യാപന സാധ്യതയുള്ള, 18 വയസ്സിന് മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ഉപയോഗിക്കാനാകുക.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആരോഗ്യഭീഷണിയായി തുടരുന്ന രോഗമാണ് ചിക്കുൻഗുനിയ. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും അമേരിക്കയുടെ ഭാഗങ്ങളിലുമാണ് ചിക്കുൻഗുനിയ കൂടുതലായി കാണപ്പെടുന്നത്.

എന്നാൽ ചിക്കുൻഗുനിയ മറ്റ് പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ അഞ്ചുദശലക്ഷത്തോളം പേരെയാണ് ചിക്കുൻഗുനിയ ബാധിച്ചത്.

പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. വടക്കേ അമേരിക്കയിൽ 18 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 3500 പേരിൽ രണ്ടുഘട്ടങ്ങളായി പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിനൊടുവിലാണ് ‘ഇക്‌സ്ചിക്’ വാക്‌സിന്റെ സുരക്ഷിതത്വം ഗവേഷകർക്ക് വ്യക്തമായത്.

Share
Leave a Comment