ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂർണമെന്റ് മത്സരത്തിൽ പന്ത് ചുരണ്ടിയതിന് വിവാദത്തിൽ പെട്ട് ന്യൂസിലൻഡ് താരം ഹെൻറി നിക്കോൾസ്. പന്തിൽ കൃത്രിമം കാണിച്ചതിനും ന്യൂസിലൻഡ് ക്രിക്കറ്റിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ഉൾപ്പടെ നിരവധി കുറ്റങ്ങൾ നിക്കോൾസിനെതിരെ ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഹെൽമറ്റിൽ നിക്കോൾസ് പന്ത് കൊണ്ട് ഉരസുന്ന വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഹാഗ്ലി ഓവലിൽ കാന്റർബറിയും ഓക്ക്ലൻഡും തമ്മിലുള്ള പ്ലങ്കറ്റ് ഷീൽഡ് മത്സരത്തിന്റെ മൂന്നാം ദിനത്തിൽ ക്രിക്കറ്റ് നിയമത്തിന്റെ ആർട്ടിക്കിൾ 3.1, ആർട്ടിക്കിൾ 1.15 ലംഘിച്ചുവെന്നാരോപിച്ച് അമ്പയറാണ് നിക്കോൾസിനെതിരെ രംഗത്ത് വന്നത്. ക്രിക്കറ്റ് നിയമത്തിലെ ആർട്ടിക്കിൾ 41.3ന് വിരുദ്ധമായി പന്തിൽ കൃത്രിമം കാണിച്ചതിനും ന്യൂസിലൻഡ് ക്രിക്കറ്റ് ഇയാൾക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത. അതേസമയം, നിക്കോൾസ് ആരോപണത്തിൽ വിശദീകരണവുമായി ഇതുവരെയും രംഗത്തെത്തിയിട്ടില്ല.