ലോകകപ്പിൽ 29 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ട് ഒരു മത്സരം വിജയിച്ചത്. കിരീടം നിലനിർത്താനെത്തിയവർ രണ്ടാം മത്സരത്തിൽ ബംഗ്ലദേശിനെ തോൽപ്പിച്ചതിന് ശേഷം ഏഴാം മത്സരത്തിലാണ് പിന്നീട് ജയം സ്വന്തമാക്കിയത്. തുടർച്ചയായി അഞ്ച് തോൽവികൾ, അഞ്ചിലും ഓൾ ഔട്ട്. മുൻ ചാമ്പ്യന്മാർ നാണം കെട്ട് പുറത്തായതിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫി പ്രവേശനവും തുലാസിലാണ്. ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രിയോട് ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമോയെന്ന് ഇംഗ്ലണ്ടിന്റെ മുൻ നായകൻ ഓയിൻ മോർഗൻ ചോദിച്ചിരിക്കുന്നത്.
ലോകകപ്പിന്റെ കമന്ററി ബോക്‌സിലിരുന്നു കൊണ്ടാണ് നെതർലൻഡ്‌സ് -ഇംഗ്ലണ്ട് മത്സരത്തിനിടെ ശാസ്ത്രിയോട് മോർഗൻ ഇക്കാര്യം ചോദിച്ചത്. എന്നാൽ ഹിന്ദി പഠിപ്പിക്കാനായി എത്തുമെന്നാണ് രസകരമായി ശാസ്ത്രി മറുപടി നൽകിയത്. ഇംഗ്ലണ്ട് ടീമിലെത്തിയ ശേഷം താരങ്ങളെ ഹിന്ദി പഠിപ്പിക്കുമെന്നും മികച്ച രീതിയിൽ പ്രകടനം കാഴ്ച വയ്‌ക്കുന്നതിനായി ക്രിക്കറ്റിനെ കുറിച്ചുള്ള ടിപ്‌സ് നൽകുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. നെതർലൻഡ്‌സ്- ഇംഗ്ലണ്ട് മത്സരം കാണാനെത്തിയ ഒരു ആരാധകനാണ് ഇംഗ്ലണ്ടിന് ഒരു ഇന്ത്യൻ പരിശീലകൻ വേണമെന്ന പോസ്റ്റർ പ്രദർശിപ്പിച്ചത്.















