ആലപ്പുഴ: കുട്ടനാട്ടിൽ നെൽ കർഷകൻ ആത്മഹത്യ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന്റെ കൊലപാതകം തന്നെയാണ് പ്രസാദിന്റെ മരണമെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കർഷകന്റെ ആത്മഹത്യക്ക് പിന്നിൽ. ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തിൽ നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നൽകുന്ന തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. കർഷകർ ലോൺ എടുക്കുന്നത് സർക്കാർ തിരിച്ചടയ്‌ക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രം അനുവദിക്കുന്ന നെല്ലിന്റെ വിലയിൽ നാലിൽ മൂന്ന് ഭാഗവും നൽകുന്നത് കേന്ദ്രമാണ്.
ഈ തുക കർഷകർക്ക് നേരിട്ട് കൊടുക്കാതെ സർക്കാർ അത് വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കർഷകരോട് ബാങ്കിൽ നിന്ന് ലോണെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കർഷകരെടുക്കുന്ന ലോൺ സർക്കാർ തിരിച്ചടയ്‌ക്കുന്നില്ല. ഇതുകാരണം തുടർകൃഷിക്ക് ബാങ്കുകൾ വീണ്ടും ലോൺ കൊടുക്കുന്നില്ലെന്നതാണ് പച്ചയായ സത്യം. യഥാർത്ഥ്യത്തിൽ കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സർക്കാർ കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തിൽ നടക്കില്ലായിരുന്നു-അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഈ ആത്മഹത്യയ്‌ക്ക് കാരണം സംസ്ഥാന സർക്കാരാണ്. സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളുടെ ഭാഗമായിട്ടാണ് ആത്മഹത്യകൾ നടക്കുന്നത്. കുട്ടനാട്ടിലും പാലക്കാടും നിരവധി കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അവർക്ക് വേറെ വഴിയില്ലതായിരിക്കുകയാണ്. പാടത്ത് നെല്ല് കൊയ്തിട്ടിട്ട് അത് സമയത്തിന് ഏറ്റെടുക്കാൻ കഴിയുന്നില്ല. എടുത്ത നെല്ലിന് പണം നൽകാൻ കഴിയുന്നില്ല. ഇവർ കൊടുക്കേണ്ട ഏഴ് രൂപ ഇല്ലെങ്കിൽ കേന്ദ്രം കൊടുക്കുന്ന 21 രൂപ സർക്കാരിന് കൊടുക്കാമല്ലോ. നാലിൽ 75 ശതമാനവും കേന്ദ്രസർക്കാരാണ് നൽകുന്നത്. ഈ തുക സർക്കാർ പിടിച്ചുവെക്കുകയാണ്. അത് കർഷകന് കൊടുക്കുന്നില്ല. കർഷകന് ഒരു കുടിശ്ശികയും ബാക്കിയില്ലെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. കർഷകർക്ക് ബാങ്കുകളെ സമീപിക്കാൻ കഴിയുന്നില്ല, ലോണെടുത്ത കർഷകർക്ക് സർക്കാർ പണം തിരിച്ചടയ്‌ക്കുന്നില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കാര്യമായ ചികിത്സ ലഭിച്ചില്ല. ആശുപത്രി ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കർഷകന്റെ ജീവൻ രക്ഷിക്കാമായിരുന്നു. രണ്ട് നിലയ്‌ക്ക് നോക്കിയാലും സംസ്ഥാന സർക്കാരിന്റെ കൊലപാതകം തന്നെയാണ് ഈ മരണം. സർക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കർഷകന്റെ ആത്മഹത്യക്ക് പിന്നിൽ. മുഖ്യമന്ത്രി ഇതിന് ഉത്തരം നൽകണം. ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. ചെഗുവേരയുടെ പേരിൽ ചെസ് മാച്ചിന് 85 ലക്ഷം രൂപ, കോടികൾ ചെലവാക്കി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. കേരളീയത്തിന് ചെലവഴിക്കാൻ പണമുണ്ട് എന്നാൽ കർഷകന് നൽകാനില്ല എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും സുരേന്ദ്രൻ പറഞ്ഞു.