നടൻ ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കത്തനാരുടെ ലൊക്കേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി താരരാജാവ് മോഹൻലാൽ. കത്തനാരുടെ സെറ്റിൽ എത്തിയതിന് ജയസൂര്യ മോഹൻലാലിന് നന്ദി അറിയിച്ചു. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രങ്ങളും ജയസൂര്യ പങ്കുവെച്ചു. മോഹൻലാൽ സെറ്റിലെത്തിയപ്പോഴുള്ള ജയസൂര്യയുടെ ലുക്കായിരുന്നു ഇതിൽ ശ്രദ്ധേയമായ കാര്യം .
മുണ്ട് മടക്കി, പുതുപുത്തൻ റെയ്ബാൻ ഗ്ലാസും ധരിച്ചായിരുന്നു ജയസൂര്യയുടെ നിൽപ്പ്. പാന്റും ഷർട്ടും ധരിച്ച് ചുള്ളൻ ചെക്കന്റെ ലുക്കിൽ മോഹൻലാലും. അണിയറ പ്രവർത്തകർക്കൊപ്പം ഏറെ നേരം സമയം പങ്കിട്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. ജയസൂര്യക്കും സംവിധായകൻ റോജിൻ തോമസ് എന്നിവരുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തി. മടങ്ങാൻ നേരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മോഹൻലാലിന് ഒരു ഗണേശ വിഗ്രഹം സമ്മാനിച്ചു.
View this post on Instagram
‘ഹോം’ സിനിമയുടെ സംവിധായകൻ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കത്തനാർ. തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌കയാണ് ചിത്രത്തിലെ നായിക. അനുഷ്‌കയുടെ ആദ്യ മലയാള സിനിമ കൂടിയാണ് കത്തനാർ.
കടമറ്റത്ത് കത്തനാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. നേരത്തെ പുറത്തുവിട്ട ടീസർ ഏറെ ശ്രദ്ധേയമായിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായി. മൂന്നാമത്തെ ഷെഡ്യൂളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതിനൂതന സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയിലാണ് ചിത്രം ഒരുങ്ങുന്നത്. 200 ദിവസമാണ് സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്.