ശ്രീനഗർ: ദാൽ നദിക്കരയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ഹൗസ്‌ബോട്ടുകൾ കത്തി നശിച്ചു. അപകടത്തിൽ ബംഗ്ലാദേശിൽനിന്നുള്ള മൂന്ന് വിനോദസഞ്ചാരികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഗാട്ട് നമ്പർ ഒമ്പതിന് സമീപം ഉണ്ടായിരുന്ന ഹൗസ്‌ബോട്ടിന് തീ പിടിച്ചത്. പിന്നീട് സമീപം ഉണ്ടായിരുന്ന ബോട്ടുകളിലേക്ക് തീപടരുകയായിരുന്നു. അഞ്ച് ബോട്ടുകൾ പൂർണ്ണമായും കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമായെന്നും കോടികളുടെ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. നിരവധി വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥർ അറിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല.
വളരെ മനോഹരമായ രീതിയിൽ മരങ്ങൾകൊണ്ട് നിർമ്മിച്ച ഹൗസ്‌ബോട്ടുകളാണ് ദാൽ തടാക തീരത്തെ ഏറ്റവും വലിയ ആകർഷണം. അതിനാൽ ശ്രീനഗറിൽ എത്തുന്ന വിനോദ സഞ്ചാരികൾ ദാൽ നദീതീരം സ്ഥിരമായി സന്ദർശിക്കാറുണ്ട്.