ലോകജനതയ്‌ക്ക് ദീപാവലി ആശംസ നേർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ദീപാവലി. തികഞ്ഞ ഭക്തനെന്ന നിലയിൽ ദീപാവലി ദീപം തന്റെ മാർഗദീപമാണെന്നും തെളിയുന്ന മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കാര്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാനും വിലയിരുത്താനുമുള്ള പ്രചോദനമാണ് ചെരാതിന്റെ പ്രകാശം നൽകുന്ന സന്ദേശമെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി എന്ന നിലയിൽ പ്രവർത്തിക്കുന്നതിൽ ഈ ദീപം ഏറെ പങ്കുവഹിക്കുന്നു. ഇരുട്ടിന് മേൽ വെളിച്ചത്തിന്റെ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി. ശോഭനമായ നാളെയ്‌ക്കുള്ള ശക്തിയാണ് ഈ വെളിച്ചമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ വിവിധ ഹിന്ദു സമൂഹങ്ങളുടെ പ്രതിനിധികള അതിഥികളായി സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയും ഭാര്യ അക്ഷിതാ മൂർത്തിയും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യക്കാരുടെ സാന്നിധ്യം സജീവമായ ബ്രിട്ടണിലെ നഗരങ്ങളിലെല്ലാം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഈസ്റ്റ് ലണ്ടനിലെ ചില ബറോകളിൽ ദീപാവലിക്ക് സ്കൂളുകൾ അവധിയാണ്. ബ്രിട്ടണിലെ വലിയ ആഘോഷങ്ങളുടെ പട്ടികയിലേക്ക് ദീപാവലിയും എത്തിപ്പെട്ടുവെന്നതിന്റെ തെളിവാണിത്.















