ബെംഗളുരു: ചിന്നസ്വാമിയില്‍ ബൗണ്ടറികളില്‍ മാലപ്പടക്കം പൊട്ടിച്ച് ഇന്ത്യയുടെ ദീപാവലി ആഘോഷം.ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് നെതര്‍ലന്‍ഡിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര കത്തിപ്പടര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡില്‍ പിറന്നത് റെക്കോര്‍ഡ് സ്‌കോര്‍. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 410 എന്ന കൂറ്റൻ സ്കോറാണ് ബെംഗളുരുവിൽ ഇന്ത്യ പടുത്തുയർത്തിയത്.
ബാറ്റിംഗിനിറങ്ങിയ എല്ലാവരും അര്‍ദ്ധസെഞ്ച്വറി കടന്ന മത്സരത്തില്‍ രണ്ടുപേര്‍ സെഞ്ച്വറിയും തികച്ചു. ചിന്നസ്വാമിയില്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ശിക്ഷിച്ചത് ശ്രേയസും രാഹുലും ചേര്‍ന്നായിരുന്നു. 94 പന്തില്‍ 10 ബൗണ്ടറിയും 5 സിക്‌സുമടക്കം 128 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. 62 പന്തില്‍ സെഞ്ച്വറി കുറിച്ച രാഹുല്‍ ഒരു റെക്കോര്‍ഡും മറികടന്നു. ഈ ലോകകപ്പിലെ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് താരം സ്വന്തം പേരിലാക്കിയത്. 64 പന്തില്‍ 102 റണ്‍സ് നേടിയ താരം 11 ഫോറും 4 സിക്‌സറും പറത്തി അവസാന ഓവറിലാണ് പുറത്തായത്.
ടേസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ഗില്ലും ചേര്‍ന്ന് വിസ്‌ഫോടന തുടക്കമാണ് നല്‍കിയത്. ബൗണ്ടറികള്‍ നാലുപാടും ചിതറിയതോടെ സ്‌കോര്‍ ബോര്‍ഡും കുതിച്ചു. 12-ാം ഓവറിന്‍ ടീം സ്‌കോര്‍ 100 കടന്നു. 32 പന്തില്‍ 4 സിക്‌സറും മൂന്ന് ബൗണ്ടറിയും വീതം അതിര്‍ത്തി കടത്തിയ ഗില്‍ 51 റണ്‍സെടുത്തു പുറത്തായി. ആക്രമണം തുടര്‍ന്ന നായകന്‍ രോഹിത് ശര്‍മ്മയുടെ പിന്നാലെ 50 കടന്നു. 61 റണ്‍സെടുത്ത നായകനെ ബാസ് ഡേ ലീഡെയാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച കോഹ്‌ലിയും ശ്രേയസ് അയ്യറും ചേര്‍ന്ന് 71 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 51 റണ്‍സെടുത്ത് കോഹ്ലി പുറത്തായതിന് പിന്നാലെ കെ.എല്‍ രാഹുല്‍ എത്തിയതോടെ സ്‌കോറിംഗ് ടോപ്പ് ഗിയറിലായി. നാലാം വിക്കറ്റില്‍ 128 പന്തില്‍ 208 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കുറിച്ചത്.