ചുരുങ്ങിയകാലം കൊണ്ട് വലിയ പ്രേക്ഷക ശ്രദ്ധ നേടിയ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സംവിധായകനായി കരിയർ ആരംഭിച്ച ബേസിൽ പിന്നീട് മലയാളത്തിലെ തിരക്കുള്ള നായകനായും മാറുകയായിരുന്നു. സംവിധാനം ചെയ്ത ചിത്രങ്ങൾ പോലെ തന്നെ അഭിനയിച്ച ചിത്രങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെടാൻ ബേസിലിന് ഭാഗ്യമുണ്ടായി. ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തിന് നടൻ ജഗദീഷുമായി നിരവധി സാമ്യതകളുണ്ടെന്ന് തുറന്ന് പറയുകയാണ് ബേസിൽ. പുതിയ സിനിമയായ ഫാലിമിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഇക്കാര്യം താരം വെളിപ്പെടുത്തിയത്.
ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നുമാണ് ഇരുവരും സിനിമയിലേക്ക് വന്നതെന്നും അക്കാഡമിക്കലിയും നിരവധി സാമ്യതകളുണ്ടെന്നുമാണ് ബേസിൽ പറഞ്ഞത്. രണ്ട് കാലഘട്ടത്തിലുള്ളവരാണെങ്കിലും ഒരേ പാതയിലൂടെ സഞ്ചരിച്ചവരാണ് തങ്ങളെന്നും താരം പറയുന്നു. ‘ജഗദീഷേട്ടൻ വന്ന ഒരു വഴിയിൽ കൂടെ തന്നെയാണ് ഞാനും സിനിമയിലേക്ക് വന്നത്. നടൻ എന്ന നിലയിലും അക്കാഡമിക്കലിയും എനിക്കും ജഗദീഷേട്ടനും ഒരുപാട് സിമിലാരിറ്റീസുണ്ട്. ഞങ്ങളുടെ രണ്ട് പേരുടേയും ഭാര്യമാർക്കും സിനിമയുമായിട്ട് യാതൊരുവിധ ബന്ധവുമില്ല. പക്ഷേ, ഒരു സപ്പോർട്ടിംഗ് സിസ്റ്റമായി കൂടെ നിൽക്കുന്നു’.
‘പിന്നെ ഞങ്ങളുടെ രണ്ടുപേരുടേയും മിഡിൽ ക്ലാസ് ഫാമിലിയുമാണ്. ഇങ്ങനെ ജഗദീഷേട്ടന്റെ ജീവിതവുമായി എന്റെ ജീവിതത്തിന് നിരവധി സാമ്യതകളുണ്ട്. ജഗദീഷേട്ടൻ സെൻസിബിളായിട്ടാണ് ഹീറോ വേഷങ്ങൾ ചെയ്ത് കൊണ്ടിരുന്നത്. ഞാനും ആ വഴിയിലൂടെ തന്നെ ആയിരുന്നു സഞ്ചരിച്ചത്’.- ബേസിൽ പറഞ്ഞു.