എറണാകുളം: ഹമാസിനെ അനുകൂലിച്ച് സമ്മേളനവുമായി കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജ്. കോളേജിന്റെ ആഭിമുഖ്യത്തിൽ നടന്ന ടെക് ഫെസ്റ്റ് തക്ഷക് 2023ന്റെ സമാപന പരിപാടിയുടെ വേദിയിലാണ് ഹമാസ് ഐക്യദാർഢ്യ പ്രഖ്യാപനം നടന്നത്. ക്യാമ്പസിനുള്ളിൽ ഞായറാഴ്ച രാത്രി 7നാണ് സമ്മേളനം സംഘടിപ്പിച്ചത്.
പരിപാടിയുടെ തുടക്കത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനത്തെ കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നു. അവസാന നിമിഷം വേദിയിലെ സ്‌ക്രീനിൽ പാലസ്തീൻ പതാക പാറിയതോടെയാണ് പലരും ഇത് അറിയുന്നത്. ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കയെയും ഇസ്രായേലിന്റെ ഹമാസ് വിരുദ്ധ നിലപാടുകളെയും വിമർശിച്ചു കൊണ്ടാണ് വേദിയിൽ പാലസ്തീൻ അനുകൂല പ്രഖ്യാപനം എന്ന പേരിൽ ഹമാസ് അനുകൂല പ്രഖ്യാപനം ഉണ്ടായത്. ടെക് ഫെസ്റ്റ് തക്ഷക് 2023 പാലസ്തീന് വേണ്ടി സമർപ്പിക്കുന്നുവെന്നും വേദിയിൽ പ്രഖ്യാപിച്ചു.
പാലസ്തീൻ അനുകൂല പ്രഖ്യാപനമെന്ന പേരിൽ നടത്തിയ ഹമാസ് അനുകൂല പ്രഖ്യാപനം വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയായി. പാലസ്തീൻ ഐക്യദാർഢ്യ സദസായിരുന്നെങ്കിൽ വിദ്യാത്ഥികളെയും രക്ഷിതാക്കളെയും ക്ഷണിച്ച് വരുത്തി അവഹേളിച്ചതെന്തിനെന്നാണ് പ്രതിഷേധക്കാർ ഉന്നയിച്ച ചോദ്യം. എന്നാൽ ഇതിൽ വിശദീകരണവുമായി കോളേജ് മാനേജ്‌മെന്റോ ഉന്നത അധികാരികളോ രംഗത്തെത്തിയിട്ടില്ല.















