കാലിഫോർണിയ: ടെസ്‌ലയുടെ ഫ്രീമോണ്ടിലുള്ള നിർമ്മാണ ഫാക്ടറി സന്ദർശിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സന്ദർശന വേളയിൽ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ടെസ്ല മേധാവി ഇലോൺ മസ്‌ക്കിന് സാധിച്ചില്ല. ഇതോടെ ക്ഷമാപണം നടത്തിയിരിക്കുകയാണ് മസ്‌ക്. ഫ്രീമോണ്ട് ഫാക്ടറിയിലെ അനുഭവത്തെക്കുറിച്ച് കേന്ദ്ര മന്ത്രി എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് ക്ഷമാപണ ട്വീറ്റുമായി മസ്‌ക് രംഗത്തെത്തിയത്.
ഇന്ത്യയുടെ വാണിജ്യ- വ്യവസായ മന്ത്രി ടെസ്‌ല സന്ദർശിച്ചതിനെ ഒരു ബഹുമതിയായാണ് ഞങ്ങൾ കാണുന്നത്. കാലിഫോർണയിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കാത്തതിൽ എനിക്ക് അതിയായ വിഷമമുണ്ട്. പക്ഷേ പിയൂഷ് ഗോയലുമായുളള കൂടിക്കാഴ്ചയക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.- മസ്‌ക് എക്‌സിൽ കുറിച്ചു.
ഇന്ത്യൻ എഞ്ചിനീയർമാരും സാമ്പത്തിക വിദഗ്ധരും ടെസ്‌ലയുടെ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതിലും ടെസ്‌ലയുടെ വളർച്ചയ്‌ക്ക് സംഭവാന നൽകുന്നതിലും അതിയായ സന്തോഷമുണ്ട്.ടെസ്ല സന്ദർശന വേളയിൽ ഇലോൺ മസ്‌കിന്റെ അസാന്നിധ്യം അനുഭവപ്പെട്ടെന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാണ് കേന്ദ്ര മന്ത്രി എക്‌സിൽ കുറിച്ചത്.
ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് (ഐപിഇഎഫ്) മന്ത്രിതല യോഗത്തിലും ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയിലും പങ്കെടുക്കാനാണ് പിയൂഷ് ഗോയൽ സാൻഫ്രാൻസിസ്‌കോയിൽ എത്തിയത്.