കൊല്ലം: ഒരു ദിവസം കുറഞ്ഞത് ഇരുപത് തവണയെങ്കിലും വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് പണി കൊടുത്ത് ജനപ്രതിനിധി. കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് ബിജെപി മെമ്പർ സി.രഞ്ജിത്താണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. തന്റെ കുടുംബത്തിന്റെയും വാർഡിലുളള 9 കുടുംബങ്ങളുടെയും കറന്റ് ബില്ലിന്റെ പണം ചില്ലറയായി കൊടുത്താണ് പട്ടാഴി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് ഈ വാർഡ് മെമ്പർ പണി കൊടുത്തത്.
തുടർച്ചയായി കറന്റ് പോകുന്ന കാര്യത്തിൽ കെഎസ്ഇബിയിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ ഒരു സമര മാർഗം സ്വീകരിച്ചതെന്ന് മെമ്പർ പറഞ്ഞു. വൈദ്യുതി ബില്ലായ പതിനായിരം രൂപ നാണയത്തുട്ടുകളായി നൽകിയതോടെ കെഎസ്ഇബി ജീവനക്കാർ വിയർത്തു.
13-ാം തീയതി ബില്ലടക്കാനുളള അവസാന ദിനമായതിനാലാണ് വാർഡിലെ 9 കുടുംബങ്ങളുടെ ബില്ലുമായി വന്നത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകമായി നാണയത്തുട്ടുകളാക്കിയാണ് കെഎസ്ഇബി ഓഫീസിൽ രഞ്ജിത്ത് എത്തിച്ചത്. പതിനായിരം രൂപയുടെ നാണയത്തുട്ടുകൾ എണ്ണാനായി ജീവനക്കാർക്ക് നൽകുന്നതിന് മുമ്പ് ചില്ലറയാണെന്നും ഇദ്ദേഹം പറഞ്ഞു. ഇനിയും അനവാശ്യ പവർക്കെട്ട് തുടർന്നാൽ അടുത്ത പ്രവശ്യം വാർഡിലെ 450 കുടുംബങ്ങളുടെ വൈദ്യുതി ബില്ലിന്റെ പണം ചില്ലറയായി തന്നെ കൊണ്ടുവരുമെന്നും രഞ്ജിത്ത് ജീവനക്കാരോട് വ്യക്തമാക്കി. അടുത്ത പണി വാട്ടർ അതോറിറ്റിക്കാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.















