കോട്ടയം: റോഡ് നിർമ്മാണത്തിനിടെ മെറ്റൽ നിരപ്പാക്കുന്ന യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വൈക്കം ടിവി പുരത്ത് ഇന്ന് വൈകിട്ടായിരുന്നു സംഭവം. വൈക്കം സ്വദേശി കെ പി സാനു (42) ആണ് മരിച്ചത്.
വൈക്കം – ടി വി പുരം റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. വൈക്കത്ത് നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു സാനുവിന്റെ സ്കൂട്ടറാണ് യന്ത്ര വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാനുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.