മുംബൈ: ഡെത്ത് ഓവറുകളിൽ വിരാട് കോഹ്ലിയെ ബൗൾ ചെയ്യിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് പരസ് മാംബ്രെ. നെതർലാൻഡ്സിനെതിരായ ലോകകപ്പ് മത്സരത്തിൽ കോഹ്ലി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 25-ാം ഓവറിൽ ഡച്ച് ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സിനെയാണ് കോഹ്ലി കൂടാരം കയറ്റിയത്. ഇപ്പോൾ കോഹ്ലിയുടെ വിക്കറ്റ് നേട്ടത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൗളിംഗ് കോച്ച് പരസ് മാംബ്രെ.
‘വിരാടിന്റെ വിക്കറ്റ് കാണാൻ നല്ല രസമുണ്ടായിരുന്നു. അവൻ ഫൈൻ ലെഗ് അൽപ്പം അഡ്ജസ്റ്റ് ചെയ്യുന്നത് എനിക്ക് കാണാമായിരുന്നു. കെ എൽ രാഹുലിന് എവിടേക്കാണ് ബോൾ പോകുന്നത് എന്നതിനെ പറ്റി വിരാട് സൂചന നൽകിയിരുന്നു. വിരാടിനും രാഹുലിനും ഇടയിൽ മികച്ച ആശയവിനിമയം ആ സമയത്ത് നടന്നിരുന്നു. ആ പന്ത് മനോഹരമായാണ് വിരാട് സ്വിംഗ് ചെയ്തത്. അത് നമുക്ക് പവർപ്ലേയിൽ ഉപയോഗിക്കാം’, മാംബ്രെ പറഞ്ഞു.
‘ മദ്ധ്യനിരയിൽ ബൗൾ ചെയ്യുകയെന്നതായിരുന്നു കോഹ്ലിയെ സംബന്ധിച്ചുണ്ടായിരുന്ന വെല്ലുവിളി. എന്നാൽ ആ വെല്ലുവിളിയെ മനോഹരമായി അവൻ അതിജീവിച്ചു. അതിനാൽ ഡെത്ത് ഓവറുകളിൽ ബൗളിംഗ് അവനെ ഏൽപ്പിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. നല്ല രീതിയിലാണ് വലംകൈയ്യൻ ബാറ്റർമാർക്കെതിരെ യോർക്കറുകൾ എറിയുന്നത്. അതിനാൽ ഡെത്ത് ഓവറുകളിൽ അദ്ദേഹത്തെ ഉപയോഗിക്കാം’, മാംബ്രെ കൂട്ടിച്ചേർത്തു.