ലോകകപ്പിലെ പാകിസ്താന്റെ പ്രകടനത്തെ വിമർശിക്കുന്നതിനിടെ ബോളിവുഡ് നടി ഐശ്വര്യ റായിയെ അധിക്ഷേപിച്ച് പാക് മുൻതാരം മാപ്പു പറഞ്ഞു. സംഭവിച്ചത് നാക്കുപിഴയാണെന്നും ഐശ്വര്യയോട് വ്യക്തിപരമായി മാപ്പു ചോദിക്കുന്നുവെന്നും സമാ ടിവിയിൽ അബ്ദുൾ റസാഖ് പറഞ്ഞു.
ഞാൻ അബ്ദുൾ റസാഖ്, ഇന്നലെ ഒരു വാർത്താ സമ്മേളനത്തിനിടെ ക്രിക്കറ്റ് പരിശീലനത്തിന്റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് പറയുന്നതിനിടെ എനിക്ക് നാക്കുപിഴച്ചു. ഞാൻ അബദ്ധത്തിൽ ഐശ്വര്യ റായിയുടെ പേര് ഉപയോഗിച്ച് പരാമർശം നടത്തി. ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. മറ്റേതെങ്കിലും ഉദാഹരണം എനിക്ക് പറയാമായിരുന്നു. പക്ഷേ അബദ്ധത്തിലാണ് അവരുടെ പേര് പറഞ്ഞത്. അതിൽ ഞാൻ വ്യക്തിപരമായി മാപ്പ് ചോദിക്കുന്നു.- അബ്ദുൾ റസാഖ് പറഞ്ഞു.
ക്രിക്കറ്റ് കളിക്കുമ്പോൾ വിജയിക്കണമെന്ന ലക്ഷ്യത്തോടെയാകണം കളിക്കേണ്ടത്. നമ്മുടെ ഉദ്ദേശം ശരിയല്ലെങ്കിൽ പരാജയപ്പെടുമെന്നും ഐശ്വര്യ റായിയെ വിവാഹം ചെയ്താൽ സൗന്ദര്യമുള്ള കുഞ്ഞുങ്ങളുണ്ടാകുമെന്ന് കരുതുന്നതുപോലെയാണ് അതെന്നുമായിരുന്നു റസാഖിന്റെ വിവാദ പരാമർശം.