കൊല്‍ക്കത്ത: അഹമ്മദാബാദില്‍ ഇന്ത്യ കാത്തിരിക്കുന്ന എതിരാളിയെ കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്നറിയാം. നോക്കൗട്ടുകളിൽ കലമുടയ്‌ക്കുന്ന ശീലം കൂടപിറപ്പായ പ്രോട്ടീസും കലാശ പോരുകളില്‍ കാലിടറാത്ത ഓസീസും ഇന്ന് സന്തോഷ നഗരത്തില്‍ ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഒരു പുതിയ ചരിത്രം പിറക്കുമോ എന്നാണ് ആരാധകര്‍ ചിന്തിക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ അടിച്ചു തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ വരവ്. എന്നാല്‍ ഗ്രൂപ്പിലെ ആദ്യ ഘട്ടത്തിലെ തകര്‍ച്ചയക്ക് ശേഷം മികച്ചൊരു തിരിച്ചുവരവാണ് കങ്കാരുകള്‍ കാഴ്ചവച്ചത്. അഫ്ഗാനിസ്ഥാനെതിരെയുള്ള ഒറ്റായാള്‍ പോരാട്ടത്തില്‍ പിടിച്ചെടുത്ത വിജയം തെല്ലൊന്നുമല്ല ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ശേഷം സ്ഥിര പുലര്‍ത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക.
എന്നാല്‍ നെതര്‍ലന്‍ഡിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയും ഇന്ത്യക്ക് മുന്നിലെ ദയനീയ പരാജയവും അവര്‍ക്കൊരു പാഠമാണെന്ന് തെളിയിക്കേണ്ടതുണ്ട്. നോക്കൗട്ടുകളില്‍ കാലിടറി വാരിക്കുഴികളില്‍ വീഴുന്ന പതിവ് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാകും പ്രോട്ടീസിന്റെ ശ്രമം. അഞ്ചു ലോകകപ്പിന്റെ തലപൊക്കവുമായെത്തുന്ന ഓസ്‌ട്രേലിയ മറ്റൊരു ഫൈനലാണ് സ്വപ്‌നം കാണുന്നത്. ഉച്ചയക്ക് രണ്ടിനാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ മത്സരം.
താരതമ്യേന ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കും.എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ഡര്‍ ദസന്‍, ഹെന്‍ട്രിച്ച് ക്ലാസന്‍,ഡി കോക്ക് എന്നിവരുടെ അപാര ഫോമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍. മറുഭാഗത്ത് വാര്‍ണര്‍, മിച്ചര്‍ മാര്‍ഷ്, ട്രാവിസ് ഹെഡ് എന്നിവരും ഫോമില്‍ എന്നാല്‍ ബൗളിംഗ് നിര അത്ര ശോഭനമല്ല.