പത്തനംതിട്ട: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരളയാത്രയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്ത് അവശേഷിക്കുന്ന ഏക കമ്യൂണിസ്റ്റ് സർക്കാരിന്റെ അന്ത്യയാത്രയാണ് കെഎസ്ആർടിസിയിൽ നടക്കാൻ പോകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മനുഷ്യത്വരഹിതവും ജനവിരുദ്ധവുമായിട്ടിള്ള ഒരു സർക്കാരാണ് കേരളത്തിലുള്ളത്. പിണറായി വിജയൻ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കാലനായി മാറി കഴിഞ്ഞു. ഒരു കോടി 10 ലക്ഷം രൂപ ചിലവഴിച്ച് ഇങ്ങനെയൊരു ബസ് വാങ്ങേണ്ട എന്ത് ആവശ്യമാണുള്ളത്. ലക്ഷങ്ങൾ മുടക്കി സർക്കാർ വാങ്ങിയ ബസുകളെല്ലാം കട്ടപ്പുറത്താണ്. മനഃസാക്ഷിയില്ലാത്ത ധൂർത്താണ് സർക്കാർ നടത്തുന്നത്. ജോത്സ്യൻ പറഞ്ഞ പ്രകാരമാണ് മുഖ്യമന്ത്രി കറുത്ത നിറമുള്ള കാർ വാങ്ങിയത്. ഒരു ഹെലികോപ്റ്ററിന്റെ മാസവാടക 90 ലക്ഷം രൂപ. സർക്കാർ ധൂർത്തടിച്ചതിന്റെ കടമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരേയൊരു കാരണം’.
സാധാരണ ഗതിയിൽ ഇങ്ങനെ ബസ് അലങ്കരിച്ചുകൊണ്ട് പോകുന്നത് അന്ത്യയാത്രയ്‌ക്കാണ്. ഇത് സർക്കാരിന്റെ അന്ത്യയാത്രയാണ്. ജനങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ട സർക്കരാണ് പിണറായി സർക്കാർ. ഈ യാത്ര ഒരു പ്രഹസനം മാത്രമാണ്. കോടികൾ ചിലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്താനുള്ള പദ്ധതിയാണിത്. നവകേരളയാത്ര ഒരു പാഴായ യാത്രയാണ്. ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ചേൽപ്പിക്കുന്ന യാത്ര. ജനങ്ങൾക്ക് ദുരിതമല്ലാതെ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.