തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ ഇടത് ഭരണത്തിന്റെ പകൽ കൊള്ളയ്‌ക്കെതിരെ ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ച് ബിജെപി കൗൺസിലർമാർ. വികസന മുരടിപ്പിനും റിവിഷൻ ഫണ്ട് കൊള്ളയ്‌ക്കുമെതിരെയും, തകർന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തിൽ പ്രതിഷേധിച്ചുകൊണ്ടുമായിരുന്നു സത്യാഗ്രഹം.
ബിജെപി സംസ്ഥാന കമ്മറ്റിയംഗം രാധാകൃഷ്ണ മേനോൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. അർഹമായ വാർഡുകളിലേക്ക് ഫണ്ട് അനുവദിക്കാത്തതിനെതിരെയും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം ഉൾപ്പെടെ പിടിച്ചെടുക്കാനുള്ള ഇടതുപക്ഷത്തിന്റെ ഗൂഢ ലക്ഷ്യത്തിനെതിരെയും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാർലമെന്ററി പാർട്ടി ഉപനേതാവ് രശ്മി ബാബു, കൊടുങ്ങല്ലൂർ മണ്ഡലം അദ്ധ്യക്ഷൻ കെ.എസ് വിനോദ്, കൊടുങ്ങല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി വിദ്യാസാഗർ തുടങ്ങിയവർ സംസാരിച്ചു.















