മുംബൈ: യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡ് കുതിപ്പുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം. ദീപാവലി, ഉത്സവ സീസണിനോടനുബന്ധിച്ച് നവംബർ 11 മുതൽ 13 വരെ 5,16,562 പേരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്.
നവംബർ 11-ന് മാത്രം 1,032 വിമാനങ്ങളാണ് ഇവിടെ നിന്നും പുറപ്പെട്ടത്. ഇതോടെ ഒറ്റ ദിവസം കൊണ്ട് ഇത്രയധികം സർവീസ് നടത്തുന്ന ആദ്യത്തെ വിമാനത്താവളവുമായി ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം. ആകെ യാത്രക്കാരിൽ 3,54,541 പേർ ആഭ്യന്തര യാത്രയാണ് നടത്തിയത്. ദീപാവലി വാരാന്ത്യത്തിൽ 2,137 ആഭ്യന്തര സർവീസും 757 അന്താരഷ്‌ട്ര സർവീസുകളുമാണ് മുംബൈ വഴി നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ആഭ്യന്തര യാത്രക്കാരിൽ അധികവും ഡൽഹി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അന്താരാഷ്‌ട്ര യാത്രകളിൽ കൂടുതൽ പേരും ദുബായ്, ലണ്ടൻ, അബുദാബി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. യാത്രയ്‌ക്കായുള്ള സുപ്രധാന കേന്ദ്രമായി മുംബൈ വിമാനത്താവളം മാറുന്നതിന്റെ ഉദാഹരണമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനയെന്ന് അധികൃതർ വ്യക്തമാക്കി.