കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ലോകകപ്പ് ഫൈനലിൽ കയറി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓസീസ് ഓപ്പണർമാർക്ക് ലഭിച്ചത്. ഓപ്പണിംഗിറങ്ങിയ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ചേർന്ന് 60 റൺസാണ് ഓസീസിന്റെ സ്‌കോർ ബോർഡിൽ കുറിച്ചത്. എന്നാൽ, ഡേവിഡ് വാർണറേയും(29), മിച്ചെൽ മാർഷിനേയും (0) അടുത്തടുത്ത ഓവറുകളിൽ ദക്ഷിണാഫ്രിക്ക പുറത്താക്കി.
വാർണറെ മാർക്രവും മാർഷിനെ റബാഡയുമാണ് പുറത്താക്കിയത്. 62 റൺസെടുത്ത ട്രാവിഡ് ഹെഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ. മികച്ച പ്രകടനം കാഴ്ച വച്ച ഹെഡിനെ കേശവ് മഹാരാജ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്ന് മാർനസ് ലബുഷെയ്‌നെ കൂട്ടുപിടിച്ച് സ്റ്റീവൻ സ്മിത്ത് ടീമിന്റെ സ്‌കോർ 133 വരെയെത്തിച്ചു. 18 റൺസെടുത്ത ലബുഷെയ്‌നെ 22-ാം ഓവറിൽ ഷംസി പുറത്താക്കി.
ഓസീസ് നിരയിലെ അപകടകാരിയായ ഗ്ലെൻ മാക്സ് വെല്ലിനെയും (1) ഷംസി പുറത്താക്കിയതോടെ ഓസീസ് സമ്മർദ്ദത്തിലായി. 34-ാം ഓവറിൽ സ്റ്റീവ് സ്മിത്തും പിന്നാലെ ജോഷ് ഇംഗ്ളീസും(22) ഔട്ടായി. എന്നാൽ, മിച്ചൽ സ്റ്റാർക്കും(16) പാറ്റ് കമ്മിൻസും(14) പുറത്താകാതെ നിന്നതോടെ ഓസിസ് വിജയം സ്വന്തമാക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കായി ഗെർലാഡ് കോട്ട്സീയും തബ്രൈസ് ഷംസിയും 2 വിക്കറ്റുകൾ വീതവും കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, കഗീസോ റബാഡ, മാർകോ ജാൻസൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. അഞ്ചുതവണ ലോകചാമ്പ്യന്മാരായ ഓസീസ് ആറാം കീരിടം ലക്ഷ്യമിട്ടാണ് ഇന്ത്യയ്‌ക്കെതിരെ നവംബർ 19-ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പോരാട്ടത്തിനിറങ്ങുന്നത്.
ടോസ് നേടിയ ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുൻനിര ബാറ്റർമാർ കൂടാരം കയറിയപ്പോൾ ഡേവിഡ് മില്ലറുടെ സെഞ്ച്വറിയുടെ കരുത്തിലാണ് പ്രോട്ടീസ് മാന്യമായ സ്‌കോറിലെത്തിയത്. 24 റൺസിന് 4 വിക്കറ്റ് എന്ന ക്രീസിലെത്തിയ മില്ലർ 101 റൺസെടുത്ത് 48-ാം ഓവറിൽ പുറത്താവുമ്പോൾ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 47 റൺസെടുത്ത ഹെന്റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ട്രാവിസ് ഹെഡും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.