സീരിയലിലൂടെ മലയാളി പ്രേക്ഷകുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് നമിതാ പ്രമോദ്. ‘പുതിയ തീരങ്ങൾ’ എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായാണ് താരം സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. അതിന് ശേഷമുള്ള എല്ലാ ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് മലയാളികൾ ഏറ്റെടുത്തത്. ചുരുങ്ങിയ സമയം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കാൻ നമിതയ്‌ക്ക് സാധിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് നമിത. ഇന്നിതാ തന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കുമെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് പ്രതികരിക്കുകയാണ് നമിതാ പ്രമോദ്.

‘എനിക്ക് മനഃസമാധാനമാണ് വേണ്ടത്. ആവശ്യമില്ലാതെ ഒരുപാട് കമന്റുകൾ വരാറുണ്ട്. ഇപ്പോഴത്തെ കുട്ടികളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനാൽ ഇത്തരത്തിൽ വരുന്ന കമന്റുകൾ ആളുകൾ കാണുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യമില്ല. മാനസികമായി സമാധാനം കിട്ടാൻ വേണ്ടിയാണ് കമന്റ് ബോക്‌സ് ഞാൻ ഓഫാക്കിയിടുന്നത്. എന്റെ കമന്റ് ബോക്‌സ് ഒരുപാട് നാളായി ഓഫായാണ് കിടക്കുന്നത്. എപ്പോഴോ ഓഫാക്കാൻ തോന്നി ഓഫാക്കിയാതാണ്’.

നെഗറ്റിവിറ്റി കൂടുതലായി തോന്നുന്ന സമയത്ത് ലൈക്കും ഞാൻ ഹൈഡ് ചെയ്ത് വയ്‌ക്കാറുണ്ട്. നെഗറ്റീവ് കമന്റുകൾ എന്നെ വല്ലാതെ ബാധിക്കും. വായിക്കണ്ടെന്ന് വച്ചാലും ചില സമയത്ത് വായിച്ച് പോകും. ചിലതൊക്കെ മാനസികമായി വല്ലാതെ തളർത്തും. വർക്ക് ചെയ്യുന്ന സമയത്താണ് അത്തരം കമന്റുകൾ വായിക്കുന്നതെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ തോന്നില്ലെന്നും നമിതാ പ്രമോദ് പറഞ്ഞു.















