എറണാകുളം: വൻകിട കരാറുകാരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തും കൊച്ചിയിലും പെരുമ്പാവൂരുമാണ് പരിശോധന. നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്.
പെരുമ്പാവൂരിലെ ഇകെകെ കൺസ്ട്രക്ഷൻസ്, തിരുവനന്തപുരത്തെ ശ്രീധന്യ കൺസ്ട്രക്ഷൻസ് എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടന്നത്. ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടർന്നു. കൊച്ചിയിലെ ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തും പരിശോധനയ്‌ക്കെത്തിയത്. പ്രാഥമികമായ പരിശോധനയിൽ നികുതി വെട്ടിപ്പ് നടന്നതായ വിലയിരുത്തലിലാണ് ആദായ നികുതി വകുപ്പ്.
പരിശോധനയിൽ വൻകിട നിർമാണങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തു. ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ഉടമയുടെ വീട്ടിലും പരിശോധന നടന്നു. വൻകിട കരാർ കമ്പനികൾ വ്യാപകമായി നികുതി വെട്ടിപ്പുകൾ നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നത്.