കോട്ടയം: വാഹന പരിശോധനയുടെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ പാലാ സ്റ്റേഷനിലെ എ.എസ്.ഐ ബിജു കെ തോമസ്, ഗ്രേഡ് എസ്.ഐ പ്രേംസൺ എന്നിവർക്കെതിരെയാണ് നടപടി. ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ഐ.ജിയ്ക്ക് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിനെ തുടർന്നാണ് ഇരുവരുടെയും സസ്പെൻഷൻ.
ഒക്ടോബർ 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപൻ കൂട്ടുകാരനെ വിളിക്കാനായി കാറിൽ പോകുന്നതിനിടെയായിരുന്നു പോലീസുകാർ വഴിയിൽ തടഞ്ഞത്. എന്നാൽ വണ്ടി നിർത്താത്തതിനെ തുടർന്ന് പോലീസുകാർ പാർത്ഥിപനെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ശേഷം പാലാ സ്റ്റേഷനിൽ എത്തിച്ചു. വിദ്യാർത്ഥിയുടെ കയ്യിൽ മയക്കു മരുന്നുണ്ടെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു.
സ്റ്റേഷനിൽ ക്യാമറയില്ലാത്ത സ്ഥലത്തേയ്ക്ക് മാറ്റിയായിരുന്നു ഇരുവരും വിദ്യാർത്ഥിയെ മർദ്ദിച്ചത്. ക്രൂര മർദ്ദനത്തിൽ പാർത്ഥിപന്റെ നട്ടെല്ലിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി പോലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യം ഈ ആരോപണം പോലീസ് നിഷേധിച്ചു. പിന്നീട് കോട്ടയം എസ്പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.