കാസർകോട്: നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള നവ കേരള ബസ് കേരളത്തിലെത്തി. ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ച ബസ് എആർ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ബസിന്റെ നമ്പർ കെഎൽ 15 എ 2689 എന്നാണ്. ബസ് കഴിഞ്ഞ ഏഴിന് കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കി പോലീസ് സുരക്ഷാ പരിശോധനയും നടത്തിയിരുന്നു.
മന്ത്രിമാർക്ക് സുഖിക്കാനുള്ള ആഡംബര ബസിന് ആദ്യം ചിത്രങ്ങൾ ഉൾപ്പെടെ സ്റ്റിക്കർ പതിക്കാമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റി ഇവിടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി ബെംഗളൂരുവിൽ തിരികെയെത്തിച്ച് ചോക്ലേറ്റ് ബ്രൗൺ നിറം നൽകി കേരള സർക്കാരിന്റെ ചിഹ്നം മാത്രം പതിപ്പിച്ചത്. ‘കേരളം ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനും ബസിൽ കാണാം. 25 പേർക്ക് യാത്ര ചെയ്യാനാകുന്ന തരത്തിലാണ് ബസിലെ സീറ്റിംഗ് അറേഞ്ച്മെന്റ്. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ബസിൽ ഉണ്ട്.
ബസിൽ പടി കയറേണ്ട ആവശ്യമില്ല. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടോമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലേക്ക് കയറ്റും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. ഇതും കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. ബെൻസ് ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനുള്ള പ്രത്യേക കസേര കൊണ്ട് വന്നിരിക്കുന്നത് ചൈനയിൽ നിന്നാണ്. നിർമാതാക്കൾ ചൈനയിൽ നിന്ന് ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞായിരുന്നു കസേര എത്തിയത്. ഇതാണ് ഒക്ടോബർ ആദ്യയാഴ്ച കേരളത്തിനു കൈമാറുമെന്നു കരുതിയ ബസ് എത്താൻ വൈകിയത്.
ബസിനായി പ്രത്യേക ഇളവുകൾ വരുത്തികൊണ്ട് സർക്കാർ വിജ്ഞാപനവും ഇറക്കിയിരിക്കുന്നു. മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ ഈ ബസിന് ബാധകമല്ല. വാഹനം നിര്‍ത്തുമ്പോള്‍ പുറത്തുനിന്നും വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വെർട്ടര്‍ വഴിയോ വൈദ്യുതി നല്‍കാനും അനുമതി നൽകിയിട്ടുണ്ട്. നവകേരള സദസിനുവേണ്ടി ഇറക്കിയ ആഡംബര ബസിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക. കെഎസ്ആര്‍ടിസി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ചോക്ലേറ്റ് ബ്രൗണ്‍ നിറമാണ് ഈ ബസിന് നല്‍കിയിരിക്കുന്നത്. വിവിഐപികള്‍ക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവില്‍ പറയുന്നത്. മോഡിഫിക്കേഷന്റെയും നിറ വ്യത്യാസത്തിന്റെയും കാര്യത്തിൽ ടൂറിസ്റ്റ് ബസുകൾക്കെതിരെ കർശന നടപടി എടുത്ത ഗതാഗത വകുപ്പാണ് മുഖ്യമന്ത്രിയ്‌ക്കും സംഘത്തിനും യാത്ര ചെയ്യുന്നതിനായി പ്രത്യേക ഇളവുകൾ നൽകിയിരിക്കുന്നത്.