നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. പ്രശസ്ത ക്യാമറമാൻ വേണു ആയിരുന്നു ചിത്രത്തിന്റെ ക്യാമറാമാൻ. എന്നാൽ ഇപ്പോൾ ചിത്രത്തിൽ നിന്ന് വേണുവിനെ പുറത്താക്കിയെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ ജോജു ജോർജും വേണുവും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സെറ്റിലുള്ള മറ്റുള്ളവരോടും വേണു മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം തൃശൂർ പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ഷൂട്ടിംഗിനിടെ ജോജുവും വേണുവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഒടുവിൽ പ്രശ്‌നം കയ്യാങ്കളിവരെ എത്തുകയും സെറ്റിലുണ്ടായിരുന്ന ഒരു എയർകണ്ടീഷ്ണർ തകർക്കുകയും ചെയ്തു. സിനിമ പൂർത്തിയാക്കാൻ ഇനി 60 ദിവസം നിൽക്കെ വേണുവിനെയും സഹായികളെയും സിനിമയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ജോജു ജോർജ്. വേണുവിന് പകരം ‘ഇരട്ട’ സിനിമയുടെ ക്യാമറാമാനായ വിജയിയെ വിളിച്ചു വരുത്തി ഷൂട്ടിംഗ് തുടരുകയും ചെയ്തു.
സിനിമയിൽ നിന്ന് പുറത്താക്കിയതിന് ശേഷം ഹോട്ടലിൽ തങ്ങിയിരുന്ന സമയത്ത് കുറച്ച് ഗുണ്ടകൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വേണു പോലീസിൽ പരാതി നൽകി. ഉടൻ തന്നെ നഗരം വിട്ട് പോകണമെന്നും ഇല്ലെങ്കിൽ വിവരമറിയുമെന്നും തന്നെ ഭീഷണിപ്പെടുത്തിയതായി വേണു പരാതിയിൽ പറയുന്നു. തുടർന്ന് ഹോട്ടലിൽ എത്തിയ കോളുകളെല്ലാം പോലീസ് പരിശോധിച്ചു.
വേണുവിനും സഹായികൾക്കും മുഴുവൻ പ്രതിഫലവും നൽകിയാണ് പുറത്താക്കിയതെന്ന് ചിത്രത്തിന്റെ നിർമ്മാണവിഭാഗത്തിലുള്ളവർ പറയുന്നു. അതേസമയം തനിക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രശ്‌നം ഉണ്ടായതുകൊണ്ടാണ് വേണുവിനെയും സംഘത്തെയും മാറ്റിയതെന്നാണ് ജോജുവിന്റെ വാദം. വേണുവുമായുള്ള തർക്കത്തെ തുടർന്ന് ‘പണി’യുടെ ചിത്രീകരണം നിർത്തി വെച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വേണുവിന്റെ ഫിലിം യൂണിറ്റിനെ ഉൾപ്പെടെ മാറ്റിക്കൊണ്ടാണ് പുതിയ ഛായാഗ്രാഹകന്റെ നേതൃത്വത്തിൽ ചിത്രീകരണം പുനരാരംഭിച്ചത്. പിന്നാലെയായിരുന്നു വേണുവിന്റെ പരാതി.
ഇതിന് മുൻപും നിരവധി സിനിമകളുടെ ചിത്രീകരണത്തിനിടെ വേണുവിനെ പുറത്താക്കിയിട്ടുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമിച്ച ‘കാപ്പ’ എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് വേണുവിനെ ആയിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ റൈറ്റേഴ്സ് യൂണിയനും സഹനിർമാതാക്കളുമായി വേണുവിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ഷാജി കൈലാസിനെ സംവിധായകനായി നിശ്ചയിക്കുകയായിരുന്നു.















