റായ്പൂർ: ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സന്തോഷ് ഒറോൺ ആണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
ഹത്തിബുരു, ചിരിയാബേഡ വനമേഖലയിൽ നടന്ന പതിവ് തിരച്ചിലിനിടെയായിരുന്നു സ്‌ഫോടനം. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരരുടേതെന്ന് തോന്നിപ്പിക്കുന്ന ഐഇഡികൾ കണ്ടെടുത്തിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ
സിംഗ്ഭും ജില്ലയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്.
സെപ്റ്റംബറിൽ ടോന്റോയിൽ ഐഇഡി സ്ഫോടനത്തിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഓഗസ്റ്റ് 14-ന് കമ്യൂണിസ്റ്റ് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഝാർഖണ്ഡിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.