മുംബൈ: ഓസ്ട്രേലിയയ്ക്കെതിരെയുള്ള ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിന് ഹൃദയത്തിൽ തട്ടുന്ന ആശംസകളറിയിച്ച് ഹാർദിക് പാണ്ഡ്യ. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നാം ഇവിടെ വരെയെത്തിയതെന്നും ലോകകീരിടമെന്ന സ്വപ്നത്തിന് ഒരുപടി അകലെ മാത്രമാണ് നമ്മളെന്നും പാണ്ഡ്യ വീഡിയോയിൽ പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് താരം വൈകാരികമായ വീഡിയോ പങ്കുവച്ചത്.
‘ബോയ്സ്, ഈ ടീമിനെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനിക്കാതിരിക്കാൻ കഴിയില്ല. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ് നാം ഇവിടെ വരെ എത്തിയത്. നമ്മളെല്ലാവരും കുട്ടിക്കാലം മുതൽ കാണുന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനി ഒരു ചുവടിന്റെ ദൂരമാണുള്ളത്. ടീമിന് മാത്രമായല്ല നാം കീരിടം നേടുന്നത്. ഈ രാജ്യത്തെ നമുക്ക് പിന്നിലുള്ള കോടിക്കണക്കിന് ആളുകളുടെ സ്വപ്നമാണിത്. അവർക്ക് കൂടിവേണ്ടിയാണ് നാം കപ്പുയർത്തുന്നത്. നിങ്ങൾക്കൊപ്പം എന്റെ പ്രാർത്ഥനയും പിന്തുണയുമുണ്ട്. കപ്പ് നമുക്ക് കൊണ്ടുവരാം ജയ് ഹിന്ദ്.’ പാണ്ഡ്യ വീഡിയോയിൽ പറയുന്നു.
ബംഗ്ലാദേശിനെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തിനിടെയാണ് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമെന്ന് കണ്ടെത്തിയതോടെ താരം ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുകയായിരുന്നു.















