നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ നിറയുകയാണ്. മൻസൂർ അലി ഖാന്റെ പരാമർശത്തിന് പിന്നാലെ ഇയാളോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് തൃഷയും രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് തൃഷയ്‌ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ മൻസൂർ അലി ഖാനിൽ നിന്നും നേരിട്ട ഒരു ദുരനുഭവം പങ്കുവെക്കുന്ന ഹരിശ്രീ അശോകന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സത്യ ശിവം സുന്ദരം എന്ന ചിത്രത്തിലെ മൻസൂർ അലി ഖാനുമൊത്തുള്ള ഷൂട്ടിംഗ് അനുഭവമാണ് ഹരിശ്രീ അശോകൻ പങ്കുവെക്കുന്നത്. ഒരു ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ.’സത്യ ശിവം സുന്ദരം എന്ന സിനിമയിൽ മൻസൂർ അലി ഞങ്ങളെ തല്ലുന്ന ഒരു സീനുണ്ട്. എന്നെയും ഹനീഫ് ഇക്കയെയും ആണ് തല്ലുന്നത്. കണ്ണിന്റെ കൃഷ്ണമണി മുകളിലേക്ക് പിടിച്ചാണ് ഞങ്ങൾ അഭിനയിക്കുന്നത്. അതുകൊണ്ട് ഫൈറ്റ് സീനിൽ എതിരെ നിൽക്കുന്ന ആളുടെ കൈ വരുന്നതൊന്നും ഞങ്ങൾക്ക് കാണാൻ സാധിക്കില്ല’.
തല്ല് സീനിന്റെ ഇടയിൽ മൻസൂർ രണ്ട് തവണ മനഃപൂർവ്വം ഞങ്ങളെ അടിച്ചു. പിന്നെ നെഞ്ചിന് രണ്ട് തവണ ചവിട്ടി. ഒരു പ്രാവശ്യം ഞാൻ പറഞ്ഞു ചവിട്ടരുത്, ശ്രദ്ധിക്കണമെന്ന് പറഞ്ഞ് കൊടുത്തു. പക്ഷേ അയാൾ അത് കേട്ടഭാവം നടിച്ചില്ല. പിന്നെയും ചവിട്ടി. നിന്നോട് ഒരു തവണ ചെയ്യരുതെന്ന് പറഞ്ഞതാണെന്നും ഇനി എന്റെ ദേഹത്ത് തൊട്ടാൽ നീ മദ്രാസ് കാണില്ലെന്നും ഞാൻ അയാളോട് പഞ്ഞു. അതിന് ശേഷം കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും ഹരിശ്രീ അശോകൻ പറഞ്ഞു.