ന്യൂഡൽഹി: ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ റിച്ചാർഡ് മാൾസും വിദേശകാര്യമന്ത്രി പെന്നി വോങ്ങും ഇന്ത്യയിലെത്തി. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വിദേശകാര്യ, പ്രതിരോധ വകുപ്പ് മന്ത്രിമാർ തമ്മിൽ നടത്തുന്ന 2+2 ചർച്ചയുടെ ഭാഗമായാണ് ഇരുവരുടെയും ഭാരത സന്ദർശനം.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി ജയശങ്കറുമായി ഓസ്ട്രേലിയൻ പ്രതിനിധികളുടെ ചർച്ച നാളെ ഡൽഹിയിൽ വച്ച് നടക്കും. ക്വാഡ് ഉച്ചകോടി നടക്കാനിരിക്കുന്നതിന് തൊട്ടുമുമ്പായാണ് 2+2 മന്ത്രിതല ചർച്ച നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പശ്ചിമേഷ്യൻ സംഘർഷങ്ങളും ചർച്ചയുടെ ഭാഗമാകും.
താങ്കളാഴ്ച നടക്കുന്ന 2+2 ഡയലോഗിന് ശേഷം 14-ാമത് ഫോറിൻ മിനിസ്റ്റീരിയൽ ഫ്രെയിംവർക്ക് ഡയലോഗിന്റെ ഭാഗമായി പെന്നി വോങ്ങും എസ്. ജയശങ്കറും തമ്മിൽ ചർച്ച നടത്തും. ഇരുരാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പ് വരുത്തുന്നതോടൊപ്പം പ്രതിരോധ മേഖലയിലെ സഹകരണത്തിന് കൂടുതൽ ഊന്നൽ നൽകും . ഭാരതത്തിന്റെയും ഓസ്ട്രേലിയയുടെയും ഊഷ്മളമായ സൗഹൃദത്തിന്റെ തെളിവായാണ് ചർച്ചയെ വിലയിരുത്തുന്നത്.