എറണാകുളം: കേരള ഫിഷറീസ് യൂണിവേഴ്സിറ്റി (കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ കണ്ടെത്തിയതായി പരാതി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിൽ കയറിയ പെൺകുട്ടിയാണ് വെന്റിലേറ്ററിൽ ക്യാമറ ഓൺ ചെയ്തു വച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതി ഫോണുമായി രക്ഷപ്പെടുന്നത് ഹോസ്റ്റലിലെ മറ്റൊരു പെൺകുട്ടി കണ്ടു. അധികൃതർ അറിയിച്ചതിനെ തുടർന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, പോലീസ് എത്തിയ ശേഷമാണ് പ്രതി ഹോസ്റ്റൽ കോമ്പൗണ്ട് വിട്ടതെന്നും ഇയാളെ വ്യക്തമായി കണ്ടതായും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.
ഹോസ്റ്റലിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായതിനാൽ പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പനങ്ങാട് പോലീസ് അന്വേഷണം തുടങ്ങി.