അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലേക്ക പൂജാരിമാരെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ആരംഭിച്ചു. രാമക്ഷേത്രത്തിലെ പൂജാരിമാരുടെ ഒഴിവുകൾ രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് പരസ്യപ്പെടുത്തിയതിന് പിന്നാലെ 3000 ഓളം അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ നിന്ന് 200 പേരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് വിളിപ്പിച്ചിട്ടുണ്ട്. അയോദ്ധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കർസേവക് പുരത്താണ് അഭിമുഖം നടക്കുന്നത്.
മൂന്നംഗ ഇന്റർവ്യൂ പാനലിൽ വൃന്ദാവനിലെ ആചാര്യൻ ജയ്കാന്ത് മിശ്രയും അയോദ്ധ്യയിലെ മഹന്തുമാരായ മിഥിലേഷ് നന്ദിനി ശരൺ, സത്യനാരായണ ദാസ് എന്നിവരും ഉൾപ്പെടുന്നു. മൊത്തം 20 പൂജാരിമാരെയാണ് ക്ഷേത്രത്തിൽ പൂജാദകർമ്മങ്ങൾക്കായി നിയമിക്കുക. സന്ധ്യ വന്ദനം ആരാധനയ്‌ക്കുള്ള മന്ത്രങ്ങൾ എന്തൊക്കെയാണ് ശ്രീരാമ ഭഗവാന്റെ മന്ത്രങ്ങൾ എന്തൊക്കെയാണ്, കർമ്മകാണ്ഡം എന്താണ് തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുന്ന വിശദമായ അഭിമുഖമാണ് വിഎച്ച്പി ആസ്ഥാനത്ത് നടക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന പൂജാരിമാരെ ആറ് മാസം അയോദ്ധ്യയിൽ താമസിപ്പിച്ച് നൽകും. ശേഷമാണ് ക്ഷേത്രത്തിൽ നിയമിക്കുകയെന്ന് രാം മന്ദിർ തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. ഹിന്ദു മതപണ്ഡിതരും, സന്യാസിമാരും തയ്യാറാക്കുന്ന സിലബസിന്റെ അടിസ്ഥാനത്തിൽ ആണ് പരിശീലനം. പരിശീലന വേളയിൽ സൗജന്യ ഭക്ഷണവും താമസവും കൂടാതെ 2000 രൂപ സ്‌റ്റൈപ്പൻഡും ലഭ്യമാക്കും.
2024 ജനുവരി 22-നാണ് അയോദ്ധ്യയിൽ പ്രാണ പ്രതിഷ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ മന്ദിരത്തിന്റെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.















