തൃശൂർ: സ്കൂളിനുള്ളിൽ കയറി വെടിയുതിർത്ത് പരിഭ്രാന്തി സൃഷ്ടിച്ച പൂർവ്വ വിദ്യാർത്ഥി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് ആരോപണം. സംഭവത്തിൽ പിടിയിലായ മുളയം സ്വദേശിക്കെതിരെ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ നേരത്തെ ബിജെപി പ്രവർത്തകർ പരാതി നൽകിയിട്ടുണ്ടെന്ന് ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ വ്യക്തമാക്കി. പ്രതിയെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് സ്കൂളിൽ അതിക്രമം നടത്തിയ യുവാവ്. ബിജെപി പ്രവർത്തകനായ അഖിലിനെ കുത്തിക്കൊലപ്പെടുത്തിയ ലഹരി മാഫിയയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കണം. യുവാവ് ലഹരിക്കടിമയാണെന്ന ശക്തമായ സൂചനകളാണ് പുറത്തുവരുന്നത്. തൃശൂരിൽ ലഹരി മാഫിയകൾ പിടിമുറുക്കുകയാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സ്കൂളിൽ അതിക്രമിച്ച് കയറി എയർഗണ്ണുപയോഗിച്ച് വെടിയുതിർത്തുവെന്ന സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും കെ.കെ അനീഷ് കുമാർ പ്രതികരിച്ചു.
തൃശൂരിലെ സ്കൂളിൽ വെടിവയ്പ്പ്; ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിയുതിർത്ത് പൂർവ്വ വിദ്യാർത്ഥി















