ബാഴ്‌സലോണ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്‌ക്കായി വിശ്വകിരീടമുയർത്തിയ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ ജഴ്‌സികൾ ലേലത്തിന്. ഖത്തർ ലോകകപ്പ് ഫൈനലിൽ ധരിച്ചതുൾപ്പെടെയുള്ള ആറ് ജഴ്‌സികളാണ് താരം ലേലത്തിനായി സംഭവാന ചെയ്തത്. ബാഴ്‌സലോണയിൽ അപൂർവരോഗം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയ്‌ക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായാണിത്.
‘ആറു ലോകകപ്പ് ജഴ്‌സികളുള്ള ഒരു ലേലം. ഇന്ന് എന്റെ സുഹൃത്തുകൾ ഒരു ലേലം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ഞാനണിഞ്ഞ ആറ് ജഴ്‌സികൾക്ക് വേണ്ടിയാണിത്. ഫൈനലിൽ ഫ്രാൻസിനെതിരെ കളിച്ച ജഴ്‌സിയും ലേലത്തിനുണ്ടാകും. സോത്തേബിയുടെ വെബ്‌സൈറ്റിലൂടെ നിങ്ങൾക്ക് നവംബർ 30 മുതൽ ഡിസംബർ 14 വരെ ലേലത്തിൽ പങ്കുചേരാം. ലേലം ചെയ്തുകിട്ടുന്ന തുകയിലെ ഒരു ഭാഗം ബാഴ്‌സലോണയിലെ സാന്റ് യോവാൻ ദേ ദ്യൂ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അപൂർവരോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്‌ക്ക് വേണ്ടി ആശുപത്രിയുടെ യൂനികാസ് പദ്ധതിയിലൂടെ നൽകും’ – ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചു.
സൗദി അറേബ്യ, മെക്‌സികോ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ക്രൊയേഷ്യ, ഫ്രാൻസ് ടീമുകൾക്കെതിരെ നടന്ന മത്സരങ്ങളിൽ ധരിച്ച ജഴ്‌സിയാണ് ലേലത്തിന് വയ്‌ക്കുന്നത്. സോത്തേബി എന്ന ലേലകമ്പനിയാണ് ലേലം നടത്തുക. കമ്പനിയുടെ വെബ്‌സൈറ്റിൽ നവംബർ 30 മുതൽ ഡിസംബർ 14 വരെ വ്യക്തികൾക്ക് ലേലത്തിൽ പങ്കെടുക്കാം. ഏകദേശം 76.4 കോടി രൂപയാണ് ജഴ്‌സികൾക്ക് അടിസ്ഥാന വിലയിട്ടിരിക്കുന്നത്