കാലിഫോർണിയ: പരസ്യങ്ങളിൽ നിന്നും സബ്സ്ക്രിപ്ഷനുകളിൽ നിന്നും ലഭിക്കുന്ന ലഭിക്കുന്ന എക്സിന്റെ വരുമാനം ഗാസ മുനമ്പിലേക്കും ഇസ്രായേലിലെ ആശുപത്രികളിലേക്കും സംഭാവന ചെയ്യുമെന്ന് ഇലോൺ മസ്ക്. റെഡ് ക്രോസിനായിരിക്കും ഈ വരുമാനം കൈമാറുന്നതെന്നും മസ്ക് സമൂഹമാദ്ധ്യമം വഴി അറിയിച്ചു. സാമൂഹ്യസേവനത്തിനായി കൈമാറുന്ന തുക ഹമാസിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തുമെന്നും മസ്ക് കൂട്ടിച്ചേർത്തു.
” റെഡ് ക്രോസിന് കൈമാറുന്ന തുക എങ്ങനെയൊക്കെ ചെലവഴിക്കപ്പെടുമെന്നത് ഞങ്ങൾ ട്രാക്ക് ചെയ്യും. ജാതിയോ മതമോ നോക്കാതെ നിരപരാധികളായ ആളുകളെ സംരക്ഷിക്കണം എന്നതിനാണ് മുൻഗണന നൽകേണ്ടത്. അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ തങ്ങൾ എല്ലാക്കാലത്തും ഉപയോക്താക്കളിൽ നിന്ന് സ്വാഗതം ചെയ്യുമെന്നും” മസ്ക് പറഞ്ഞു.
ഗാസയിൽ ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്നതിന്റെ തെളിവുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിട്ടിരുന്നു. അടുത്തിടെ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുക്കുകയും, ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.