കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം 52 ശതമാനം മീഡിയ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കാണിത്. രാജ്യത്തെ പകുതിയിലധികം മാദ്ധ്യമ സ്ഥാപനങ്ങളും താലിബാൻ ഭരണത്തിലേറിയതിന് ശേഷം നിർജീവമായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോക ടെലിവിഷൻ ദിനത്തോടനുബന്ധിച്ചായിരുന്നു മീഡിയ സപ്പോർട്ട് ഫോർ അഫ്ഗാനിസ്ഥാൻ ഫ്രീ മീഡിയയുടെ പ്രഖ്യാപനം.
2021 ഓഗസ്റ്റ് 15ന് താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ രാജ്യത്തെ മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുകയായിരുന്നു. വിഷ്വൽ മീഡിയയുടെ പ്രവർത്തനങ്ങളെയായിരുന്നു താലിബാൻ നയം പ്രതികൂലമായി ബാധിച്ചത്. ആകെയുള്ള 147 ടെലിവിഷൻ ഔട്ട്‌ലെറ്റുകളിൽ 77 എണ്ണവും അടച്ചുപൂട്ടി. വനിതകളുടെ മുഖം പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതോടെ അവതാരകരായിരുന്ന സ്ത്രീകൾക്ക് ജോലി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. 94 ശതമാനം വരുന്ന വനിതാ മാദ്ധ്യമപ്രവർത്തകരാണ് ജോലി നിർത്തിയതെന്നാണ് കണക്ക്. ഭരണകൂടത്തിനെതിരായ വിമർശനങ്ങളെ പൂർണ്ണണായും വിലക്കുന്ന സാഹചര്യമാണ് നിലവിൽ അഫ്ഗാനിസ്ഥാനിലുള്ളത്.