കോട്ടയം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഛായാഗ്രാഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്‌സ് യൂണിയൻ ഓഫ് മലയാളം സിനിമ. സംഭവത്തിൽ സർക്കാരും പോലീസും ഫെഫ്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംഭവത്തിൽ വേണു സ്വീകരിച്ചിരിക്കുന്ന നിയമനടപടികൾക്ക് തങ്ങൾ പിന്തുണ അറിയിക്കുന്നു. സിനിമയിൽ എതിരഭിപ്രായങ്ങൾ ഉണ്ടായാൽ ഗുണ്ടായിസം കാണിക്കലും ഭീഷണിപ്പെടുത്തുകയുമല്ല വേണ്ടത്. ഇത്തരം പ്രവണതകൾ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മയ്‌ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്നും സംഘടന പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ ആദ്യം ക്യാമറമാനായി പ്രവർത്തിച്ചിരുന്നത് വേണുവിന്റെ ടീമായിരുന്നു. എന്നാൽ സിനിമ തുടങ്ങിയപ്പോൾ മുതൽ ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നു. ചിത്രീകരണം തുടങ്ങി ഒരു മാസത്തോളം കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ കൈയാംകളിവരെ എത്തുകയുമായിരുന്നു. തുടർന്ന് വേണുവിന്റെ ടീമിനെ മാറ്റി ജോജു ഇരട്ട സിനിമയുടെ ക്യാമറാമാൻ വിജയിയെ വച്ച് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു.
എന്നാൽ പുറത്താക്കിയിട്ടും ഹോട്ടലിൽ തന്നെ തുടർന്ന വേണുവിനെ ഫോണിൽ വിളിച്ച് ഗുണ്ടകൾ ഭീഷണിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. ഈ സംഭവത്തിൽ ജോജു ജോർജ്ജും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വേണു സിനിമയിൽ നിന്ന് പിന്മാറിയതെന്നും, അദ്ദേഹം തനിക്ക് ഗുരുസ്ഥാനീയനാണെന്നുമാണ് ജോജു പറഞ്ഞത്.















