കോഴിക്കോട് : നവകേരള സദസിന്റെ പ്രചരണ ഘോഷയാത്രയിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് നിർദ്ദേശം. കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കാനാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയാണ് ഇത് സംബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വകുപ്പ് മേധാവിമാർക്ക് കത്ത് നൽകിയിട്ടുള്ളത്. നാളെ നടക്കുന്ന ഘോഷയാത്രയിൽ മുഴുവൻ ഉദ്യോഗസ്ഥരും നിർബന്ധമായി പങ്കെടുക്കണമെന്നാണ് കത്തിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ഇതിനാവശ്യമായ നടപടികൾ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. സിവിൽ സ്റ്റേഷന്റെ പ്രവർത്തനം തടസമാകാത്ത രീതിയിലായിരിക്കണം ഇതെന്നും കത്തിൽ പറയുന്നു.
നവകേരള സദസിന് ആളെക്കൂട്ടാൻ സ്‌കൂൾ കുട്ടികളെ എത്തിക്കണമെന്ന നിർദ്ദേശവും നേരത്തെ വിവാദമായിരുന്നു. ഓരോ സ്‌കൂളിൽ നിന്നും 200 കുട്ടികളെങ്കിലും പരിപാടിയിൽ പങ്കെടുക്കണം എന്നതായിരുന്നു ഡിഇഒയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാദ്ധ്യാപകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. സർക്കുലർ പുറത്തിറങ്ങിയില്ലെങ്കിലും വാക്കാലുള്ള നിർദ്ദേശം വാർത്ത ആയതിന് പിന്നാലെയാണ് സർക്കാർ ജീവനക്കാർക്കുള്ള നിർദേശത്തിന്റെ വാർത്തയും പുറത്തുവരുന്നത്. സ്‌കൂൾ ബസുകൾ നവകേരള യാത്രയ്‌ക്ക് ഉപയോഗിക്കുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു.