വാഹന പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെസ്‌ല സൈബർട്രക്ക് ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്. നവംബർ 30-ന് വാഹനത്തിന്റെ വിൽപന ആരംഭിക്കും. യുഎസ്എയിലെ ഗിഗാ ടെക്സാസിൽ വച്ചാണ് വിൽപന നടക്കുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഒരു ദശലക്ഷത്തിലധികം ഓർഡറുകളാണ് ഇതുവരെ ടെസ്‌ല സൈബർട്രക്കിന് ലഭിച്ചിട്ടുള്ളത്. കമ്പനി ഔദ്യോഗികമായി പുറത്ത് വിടുന്നതിന് മുൻപ് തന്നെ സൈബർ ട്രക്കിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങൾ വഴി ചോർന്നിരുന്നു.
വാഹനത്തിന്റെ വിൽപനയുമായി ബന്ധപ്പെട്ട് കമ്പനി കുറച്ച് നിബന്ധനകളും വ്യവസ്ഥകളും തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് സൈബർട്രക്ക് വാങ്ങുന്നവർക്ക് ആദ്യത്തെ ഒരു വർഷത്തിൽ വാഹനം വീണ്ടും വിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഈ കരാറിന് വിരുദ്ധമായി ഉടമകൾ വാഹനം വിറ്റാൽ കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും. ഒരു ഉപഭോക്താവിന് അവരുടെ സൈബർട്രക്ക് വിൽക്കാൻ വ്യക്തമായ കാരണമുണ്ടെങ്കിൽ കരാർ അടിസ്ഥാനമാക്കി അവ വിൽക്കാൻ സാധിക്കും. ടെസ്‌ല തന്നെ വാഹനം തിരികെ വാങ്ങുന്നതിനും സാധ്യതയുണ്ട്. 2019-ലാണ് ആദ്യമായി സൈബർട്രക്ക് പ്രഖ്യാപിച്ചത്.
അൾട്രാ-ഹാർഡ് 30എക്‌സ് കോൾഡ്-റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലും ഫോർട്ടിഫൈഡ് ഗ്ലാസും കൊണ്ടാണ് സൈബർട്രക്ക് നിർമ്മിച്ചിട്ടുള്ളത്. മുൻവശത്തും പിൻഭാഗത്തും ഷാർപ്പായ ക്രീസുകളും എഡ്ജ്-ടു-എഡ്ജ് ലൈറ്റ് ക്ലസ്റ്ററുകളും ഉൾപ്പെടുത്തിയിട്ടുള്ള ടെസ്‌ല സൈബർട്രക്ക് അഡാപ്റ്റീവ് എയർ സസ്പെൻഷൻ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.















