സമ്മർദ്ദത്താൽ ജോലി ഉപേക്ഷിക്കുന്നവരും മാനസിക പ്രയാസം അനുഭവിക്കുന്നവരും ഇന്ന് ഏറെയാണ്. മുതിർന്ന ഉദ്യോഗസ്ഥന്റെയോ സഹപ്രവർത്തകരുടെയോ കളിയാക്കലുകൾക്കോ ചീത്ത പറച്ചിലുകൾക്കോ പലപ്പോഴും നാം ഇരയാകാറുണ്ട്. ഈ വിഷമം ഓഫീസിലെ വാഷ്‌റൂമിൽ കയറി കരഞ്ഞ് തീർക്കുന്നവരുടെ എണ്ണം ചെറുതല്ല. പലപ്പോഴും നേരിട്ടും അല്ലാതെയും നാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ തൊഴിലാളികളുടെ ജോലി സ്ഥലത്തെ സമ്മർദ്ദം ലഘൂകരിക്കാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണ് ജപ്പാൻകാർ.
7,900 യെൻ ചിലവിൽ അതായത് ഏകദേശം 4,400 രൂപയ്‌ക്ക് ജപ്പാനിലെ ആളുകൾക്ക് കൂടെ കരയാൻ കൂട്ടാളികളെ ലഭിക്കും. ”ഹാൻഡ്സം വീപ്പിംഗ് ബോയ്‌സ്” എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. കണ്ണുനീർ തുടയ്‌ക്കുന്ന ഈ പ്രൊഫഷണലുകൾ ജോലി സ്ഥലത്തെ സമ്മർദ്ദത്തിൽ നിന്ന് നമുക്ക് ആശ്വാസം നൽകുന്നു. ഹിരോക്കി ടെറായി എന്ന വ്യക്തിയാണ് ‘ഇകെമെസോ ഡാൻഷി’ എന്ന ഈ കൂട്ടായ്മയുടെ കണ്ടുപിടുത്തക്കാരൻ. ദുഃഖങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒരാൾ ഇല്ലാത്ത അവസ്ഥയും എല്ലാത്തിനുമൊപ്പം ഒരാൾ ഉണ്ടെങ്കിലുള്ള അവസ്ഥയും എങ്ങനെയാണെന്ന് തിരിച്ചറിഞ്ഞതാണ് ഹിരോക്കിയെ ഇതിലേക്ക് നയിച്ചത്.