ബിഹാർ: നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട് ബിഹാറിൽ 31 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകര സംഘടനയെ പുനരുജ്ജീവിപ്പിക്കാനും അവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വിപുലീകരിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന് പിന്നാലെയാണ് പരിശോധന നടത്തിയത്. ഔറംഗബാദ്, റോഹ്താഷ്, കൈമൂർ, ഗയ, സരൺ, ഛപ്ര എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബിഹാറിലും ഉത്തർപ്രദേശിലും കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ കേഡർമാരുടെ എണ്ണം വർദ്ധിപ്പിക്കാനും, സംഘടനയെ ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങൾ നടന്നുവെന്നതിന് കൃത്യമായ തെളിവുകൾ ലഭിച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭീകര സംഘടനയിലെ ഉന്നത കമാൻഡർമാരടക്കം ഈ ഗൂഢാലോചനയുടെ ഭാഗമായി. ഇതിന് പുറമെ പിസ്റ്റളുകൾ, നാല് ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എസ്ഡി കാർഡുകൾ, ഹാർഡ് ഡിസ്‌കുകൾ, രാജ്യവിരുദ്ധ ലഘുലേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ട് വ്യത്യസ്ത കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയത്. ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാല് കമാൻഡർമാരുടെ വീടുകളിൽ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് ഇവരുടെ കൂടുതൽ രഹസ്യ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഗയയിലും ഔറംഗാബാദിലുമായി രജിസ്റ്റർ ചെയ്ത ഈ കേസുകളുടെ അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.















