മൊബൈൽ പ്രീപെയ്ഡ് റീചാർജുകൾക്ക് കൺവീനിയൻസ് ചാർജ് ഈടാക്കാൻ ആരംഭിച്ച് ഗൂഗിൾ പേ. മൂന്ന് രൂപ വരെയാണ് കൺവീനിയൻസ് ചാർജ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഉപയോക്താവ് മൊബൈൽ റീചാർജ് ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതുവരെ മൊബൈൽ റീചാർജ് ചെയ്യാനും ബില്ലുകൾ അടക്കാനും ഗൂഗിൾ പേ ചാർജ് ഈടാക്കിയിരുന്നില്ല.
ഇതിന് മുൻപ് ഗൂഗിൾ സേവന നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കമ്പനിയുടെ താൽപര്യത്തിനനുസരിച്ച് ചാർജ് ഈടാക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പേ ടി എം, ഫോൺ പേ എന്നിവ നേരത്തെ തന്നെ കൺവീനിയൻസ് ചാർജ് ഈടാക്കാൻ തുടങ്ങിയിരുന്നു.
കൺവീനിയൻസ് ചാർജിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ടിപ്സ്റ്റർ മുകുൾ ശർമ എക്‌സ് വഴി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതൽ ചാർജ് ഈടാക്കാൻ തുടങ്ങുമെന്നത് അറിയിച്ചിട്ടില്ലായിരുന്നു. 100 രൂപയിൽ താഴെയുള്ള മൊബൈൽ റീചാർജിന് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. 200 രൂപ മുതൽ 300 രൂപ വരെയുള്ള റീചാർജുകൾക്ക് രണ്ട് രൂപയും അതിൽ അധികമുള്ളവയ്‌ക്ക് 3 രൂപയുമാണ് ഈടാക്കുക.