തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച കന്യാകുമാരി സ്വദേശി സെൽവിൻ (36) എന്ന യുവാവിന്റെ ഹൃദയവും വൃക്കയും പാൻക്രിയാസും തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മാർഗം കൊച്ചിയിൽ എത്തിക്കും. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 വയസ്സുകാരൻ ഹരിനാരായണനാണ് ഹൃദയം മാറ്റിവയ്‌ക്കുന്നത്. ഒരു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് അവയവങ്ങൾ എത്തിക്കും. അവയവങ്ങൾ എത്തിയാലുടനെ ശസ്ത്രക്രിയകൾ ആരംഭിക്കാൻ ആശുപത്രികൾ സജ്ജമാണ്.
നവംബർ 21-നാണ് കടുത്ത തലവേദനയെ തുടർന്ന് തിരുവന്തപുരം കിംസ് ആശുപ്രതിയിൽ സെൻവിൻ ചികിത്സ തേടിയത്. തലച്ചോറിൽ രകതസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന് ഭാര്യ സന്നദ്ധത അറിയിച്ചതോടെയാണ് മൃതസഞ്ജീവനി വഴി അവയവ മാറ്റം നടത്താൻ തീരുമാനിച്ചത്. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്നവർക്കും ഒരു വൃക്കയും കണ്ണുകളും തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്നവർക്കുമാണ് നൽകുക. കൊച്ചിയിലും തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണം ഉണ്ട്.















