മാസങ്ങളോളവും വർഷങ്ങളോളവും വീട്ടിൽ ഉപയോഗിക്കുന്ന നിരവധി നിത്യോപയോഗ സാധനങ്ങളുണ്ട്. എന്നാൽ ഇവയ്‌ക്കും കാലാവധി ഉള്ള കാര്യം ഒട്ടുമിക്ക പേർക്കും അറിയില്ല. എന്നാൽ, നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന നിരവധി സാധനങ്ങൾക്ക് സമയപരിധിയുണ്ട്. അവ കൃത്യസമയത്ത് മാറ്റിയില്ലെങ്കിൽ നിരവധി രോഗങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ വീട്ടിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1. ടൗവ്വല്‍
തോർത്തുകളും ബാത്ത് ടവ്വലുകളും എത്രകാലം ഉപയോഗിക്കാമെന്ന് ആർക്കും അറിയില്ല. എന്നാൽ, ഇവ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ പരമാവധി ഉപയോഗിക്കാം. പഴകിയ ബാത്ത് ടൗവ്വലുകള്‍ ബാക്ടീരിയകളുടെ കൂടാരമാണ്. താരന്‍, ചര്‍മ രോഗങ്ങള്‍ എന്നിവ പിടിപെടാം.
2. തലയിണ
കൃത്യമായി മാറ്റിയില്ലെങ്കിൽ നിരവധി രോഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ കെൽപ്പുള്ള ഒരു വസ്തുവാണ് തലയിണ. തലയിണകളുടെ കാലാവധി രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയാണ്. മുറിയിലെ പൊടിയും ഈര്‍പ്പവും ഏറ്റവും കൂടുതല്‍ പറ്റിപ്പിടിക്കുന്നത് ഈ തലയിണകളിലാണ്. അതുപോലെ കഴുത്ത് വേദനയ്‌ക്കുള്ള പ്രധാന കാരണം കൂടിയാണിത്. തലയിണകള്‍ ഇടയ്‌ക്കിടെ വെയില്‍ കൊള്ളിച്ച് വേണം ഉപയോഗിക്കാൻ.
3. ബാത്ത് സ്‌പോഞ്ച്
രണ്ട് ആഴ്ച മാത്രമാണ് ബാത്ത് സ്പോഞ്ച് ഉപയോഗിക്കാൻ കഴിയുന്നത്. ചര്‍മത്തില്‍ പലതരം അലര്‍ജി, അണുബാധകള്‍ എന്നിവയ്‌ക്ക് പഴകിയ ബാത്ത് സ്‌പോഞ്ച് കാരണമാകും. സിന്തറ്റിക്ക് സ്‌പോഞ്ചുകള്‍ ഇടയ്‌ക്കിടെ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കേണ്ടതാണ്.
4. ടൂത്ത് ബ്രഷ്
ഒട്ടുമിക്ക പേരും ടൂത്ത് ബ്രഷ് ആറുമാസത്തിൽ കൂടുതൽ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇവ മൂന്ന് മാസം വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ബ്രഷിന്റെ പല്ലുകള്‍ക്ക് തേയ്മാനമോ ഇളക്കമോ ഉണ്ടായാല്‍ മൂന്ന് മാസത്തിന് മുമ്പ് തന്നെ മാറ്റേണ്ടതാണ്. നല്ല ബ്രഷ് അല്ല എങ്കില്‍ പല്ലുകള്‍ കൃത്യമായി വൃത്തിയാവില്ലെന്ന് മാത്രമല്ല പലതരം അണുബാധകളും ഉണ്ടാകാം.
5. ഹെല്‍മറ്റ്
ഹെൽമറ്റ് എത്രകാലം ഉപയോഗിക്കണമെന്നോ എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്നോ എല്ലാവർക്കും അറിയണമെന്നിമില്ല. രണ്ട് വർഷത്തിലൊരിക്കൽ ഹെൽമറ്റ് മാറ്റുന്നതാണ് നല്ലത്. ഹെല്‍മറ്റിനുള്ളില്‍ അടിഞ്ഞുകൂടുന്ന വിയര്‍പ്പും അഴുക്കും തലയിലെ താരന്‍, മുടികൊഴിച്ചില്‍, ചര്‍മരോഗങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകും.















