തിരുവനന്തപുരം: കിണറ്റിൽ വീണ മകളെയും അച്ഛനെയും രക്ഷപ്പെടുത്തി അഗ്നിശമനസേന. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്. കിണറ്റിൽ ചാടിയ 19-കാരിയെയും രക്ഷിക്കാൻ ചാടിയ പിതാവിനെയുമാണ് ഫയർഫോഴ്‌സ് കൃത്യസമയത്തെത്തി രക്ഷപ്പെടുത്തിയത്.
കുടുംബപ്രശ്‌നത്തെ തുടർന്നായിരുന്നു 19-കാരി കിണറ്റിൽ ചാടിയത്. മകൾ കിണറ്റിൽ ചാടിയത് കണ്ടതും രക്ഷിക്കാനായി അച്ഛനും കൂടെ ചാടി. എന്നാൽ കിണറ്റിൽ നിന്നും കയറാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തിയപ്പോൾ വെള്ളം കോരുന്ന തൊട്ടിയിൽ കെട്ടിയിരുന്ന കയറിൽ അച്ഛൻ മകളെയും പിടിച്ചു നിൽക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.















