കൊച്ചി: കുസാറ്റ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും ഗവർണറും. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അപകടം വളരെ വേദനിപ്പിച്ചെന്നും രണ്ട് പേരുടെ നില ഗുരുതരമാണന്ന് മനസിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.
മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഗവർണർ അനുശോചിച്ചു. വിദ്യാർത്ഥികളുടെ മരണം വലിയ നഷ്ടമാണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലായിടങ്ങളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ്, ആർ. ബിന്ദുവും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവകേരള സദസിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ നടുക്കിയ, തികച്ചും അസാധാരണമായി സംഭവിച്ച അപകടത്തിൽ നാല് പേരുടെ ജീവനാണ് പൊലിഞ്ഞത്. കുസാറ്റിലെ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ് എന്നിവരുടെ പൊതുദർശനം കുസാറ്റ് ക്യാമ്പസിൽ അവസാനിച്ചു. തുടർന്ന് മൃതദേഹങ്ങൾ അവരവരുടെ ജന്മനാടുകളിലേക്ക് കൊണ്ടുപോയി. പാലക്കാട് സ്വദേശി ആൽവിൻ ജോസഫിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് തന്നെ സംസ്കാരമുണ്ടാകുമെന്നാണ് വിവരം.















