കാലകാലങ്ങളായി സംഭവിക്കുന്ന ഒന്നാണ് പരിണാമം. മനുഷ്യന്റെ ജീവിതത്തിലും അവൻ ജീവിക്കുന്ന സമൂഹത്തിലും എന്തിനേറെ പ്രപഞ്ചം പോലും നീണ്ട പരിണാമത്തിനൊടുവിലാണ് ഇന്ന് കാണും വിധത്തിലായത്. പല പരിണാമങ്ങളും പരിവർത്തനങ്ങളും ലോകത്ത് സംഭവിച്ചിട്ടുണ്ട്. എന്നാൽ നാം ഉപയോഗിക്കുന്ന വാക്കുകൾക്കും കാലങ്ങളായി മാറ്റം സംഭവിച്ചിട്ടുണ്ട്! കൗതുകമുണർത്തുമെങ്കിലും സംഭവം സത്യമാണ്…
മലയാളിയുടെ ‘ശശി’ പ്രയോഗവും ‘കോഴി’ പ്രയോഗവുമൊക്കെ അതിനുദാഹരണം. എന്നാൽ മലയാളത്തിൽ മാത്രമല്ല, ഇംഗ്ലീഷ് ഭാഷയിലും ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. കാലങ്ങളായി ഉപയോഗിച്ച് ഉപയോഗിച്ച് അർത്ഥം മാറിയ ചില വാക്കുകൾ ഇതാ..
1. Girl:- ഇന്ന് പൊതുവേ പ്രായം കുറഞ്ഞ സ്ത്രീകളെ വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് Girl. നേരത്തെ ഈ പദം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഏതൊരാളെയും Girl എന്ന് വിളിച്ചിരുന്നു.
2. Meat:- മൃഗത്തിന്റെ മാംസത്തെയാണ് Meat എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് പൊതുവായി ഭക്ഷണത്തെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന പദമായിരുന്നു ഇത്. ചില രാജ്യങ്ങളിൽ ഈ പദം പന്നി, പോത്ത് എന്നിവയുടെ മാംസത്തെ വിളിക്കാൻ ഉപയോഗിച്ചിരുന്നു. സ്കോട്ടിഷ് പുസ്തകപ്രകാരം, അവരാണ് ആദ്യമായി മൃഗങ്ങളുടെ മാംസത്തെ പൊതുവായി Meat എന്ന പദം കൊണ്ട് അർത്ഥമാക്കി തുടങ്ങിയത്.
3. Naughty:– 21-ാം നൂറ്റാണ്ടിൽ വികൃതി, തന്തോന്നി, തോന്ന്യാസി എന്ന അർത്ഥത്തിലാണ് Naughty എന്ന പദം ഉപയോഗിക്കുന്നത്. എന്നാൽ 14-ാം നൂറ്റാണ്ടിൽ പാവപ്പെട്ടവരെയും ദരിദ്രരെയും പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു ഇത്. പിന്നീട് 15-ാം നൂറ്റാണ്ടോടെ ഈ പദത്തിന് മാറ്റം സംഭവിച്ചു. അശ്ലീല സ്വഭാവമുള്ള, വേശ്യാവൃത്തി ചെയ്യുന്നവരെ പരാമർശിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. പിന്നീട് 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വികൃതി, കുസൃതി എന്നർത്ഥം വരുന്ന പദമായി മാറിയത്. കുട്ടികളെ വിശേഷിപ്പിക്കാനാണ് പിന്നീട് ഈ പദം അധികവും ഉപയോഗിച്ച് വരുന്നത്.
4. Nice:- പൊതുവേ എല്ലാവരുടെയും നാവിൽ വരുന്ന ഒരു പദമാണ് Nice എന്നത്. നല്ല സ്വഭാവത്തെയും വൃത്തിയെയും പരാമർശിക്കാനാണ് ഈ പദം ഇന്ന് ഉപയോഗിക്കുന്നത്. പണ്ട് സ്ത്രീയുടെ മുഖത്ത് നോക്കി NIice എന്ന് പറഞ്ഞാൽ മുഖത്ത് അടി ലഭിക്കുമായിരുന്നു! അജ്ഞത, വിഡ്ഢിത്തം എന്നൊക്കെയായിരുന്നു അക്കാലത്ത് ഈ പദത്തിന്റെ അർത്ഥം. പിന്നീട് 1500-കളോടെ നല്ലത്, സൂക്ഷ്മം , കൃത്യമായി വേർത്തിരിക്കുക എന്ന് തുടങ്ങിയ അർത്ഥത്തിൽ ഈ പദം ഉപയോഗിച്ച് തുടങ്ങി. പിന്നീട് 18-ാം നൂറ്റാണ്ട് മുതലാണ് ഇന്നത്തെ അർത്ഥം Nice എന്ന പദത്തിന് ലഭിച്ചത്.
5. Guy:- സർവസാധാരണമായി ഉപയോഗിക്കുന്ന വാക്കാണ് Guy എന്നത്. പുരുഷന്മാരെ പരാമർശിക്കുന്ന ഈ വാക്ക് ആദ്യ കാലങ്ങളിൽ ഭയപ്പെടുത്തുന്ന രൂപത്തെ വിശേഷിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്.
6. Clue:- ഒരു സൂചന, ഒരു കാര്യത്തെ കുറിച്ച് ചെറിയ വിവരം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് Clue എന്നത്. നൂൽ പന്ത് എന്നതാണ് ഈ പദത്തിന്റെ അർത്ഥം.















