ഹൈദരാബാദ്: തെലങ്കാനയെ കെസിആർ സ്വകാര്യ വകയായി കണക്കാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുമെന്നുള്ള പ്രതിജ്ഞയുമായി തെലങ്കാനയിലെ ജനങ്ങൾ മുന്നോട്ട് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച തെലങ്കാനയിലെ മേദക് ജില്ലയിലെ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കിലായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
തെലങ്കാന സർക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്തിനാണ് രണ്ട് സീറ്റിൽ നിന്നും മത്സരിക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു.
‘തെലങ്കാനയിൽ ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുമെന്ന പ്രതിജ്ഞയോടെയാണ് ജനങ്ങൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോൾ പാർട്ടി ചിഹ്നമായ താമര വിരിയേണ്ട സമയമാണ്. ബിജെപി സർക്കാർ തെലങ്കാനയിൽ വികസനം കൊണ്ട് വന്നിരിക്കും. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു സംസ്ഥാനത്തെ സ്വകാര്യ സ്വത്തായി കണകാക്കുകയാണ്. എന്തുകൊണ്ടാണ് കെസിആറിന് രണ്ട് സീറ്റിൽ നിന്ന് മത്സരിക്കണമെന്ന് തോന്നിയത്. ഗാഡ്ഗൽ, കാമറെഡ്ഡി മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് പിന്നിലെ കാരണം എന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു.
കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിച്ചത് നിങ്ങളുടെ വോട്ടിലൂടെയാണ്. കൂടാതെ രാജ്യത്ത് നിന്നും ഭീകരതയുടെ വേരുകൾ പിഴുതെറിയാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞത് ജനങ്ങളുടെ പിന്തുണയിലൂടെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മേദക് ജില്ലയിൽ രണ്ടിടങ്ങളിലാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി തെലങ്കാനയിൽ എത്തിയിരിക്കുന്നത്.















